ഫാനിയും ചില മുൻകാല ചക്രവാതങ്ങളും -ഒരു ചക്രവാതത്തെ നാം അതിജീവിച്ചതെങ്ങനെ?

ഋഷി ദാസ്

കഴിഞ്ഞ ദിവസം ഒറീസയിലൂടെ കടന്നുപോവുകയും ഇന്ന് പശ്ചിമ ബംഗാളിലൂടെ കടന്നുകൊണ്ടിരിക്കുന്നതുമായ ഫാനി ചക്രവാതം ഒരു ചില്ലറ ചക്രവാതമല്ല. ചക്രവാതങ്ങളുടെ തീവ്രത അളക്കുന്ന സാഫിർ സിംപ്സൺ സ്കെയിലിൽ ഈ ചക്രവാതത്തിന്റെ തീവ്രത നാലാണ്. മറ്റൊരർഥത്തിൽ ഭൂമിയിൽ സംഭവിക്കാവുന്ന ഏറ്റവും വിനാശകാരികളായ കാറ്റഗറി 5 ചക്രവാതങ്ങൾക്ക് തൊട്ടുതാഴെയാണ് ഫാനിയുടെ സ്ഥാനം.

കടലിനു മുകളിൽ വച്ച് ഫാനിയുടെ കാറ്റുകളുടെ വേഗത ഒരിക്കൽ കാറ്റഗറി 5 ചക്രവാതങ്ങ ളുടെ ലോവർ ലിമിറ്റ് ആയ മണിക്കൂറിൽ 250 കിലോമീറ്റർ തൊടുകയും ചെയ്തിരുന്നു.

Image result for fani cyclone

മുൻകാലങ്ങളിൽ സമാനമായ ചക്രവാതങ്ങൾ ആഞ്ഞു വീശുമ്പോൾ മരണസംഖ്യ ആയിരങ്ങളും പതിനായിരങ്ങളും ഒക്കെ ആകുമായിരുന്നു . 1970 ൽ ബംഗ്ളാദേശിൽ വീശിയടിച്ച ഭോല ചുഴലിക്കാറ്റിൽ മരണം 5 ലക്ഷം കടന്നിരുന്നു. രണ്ടുവർഷം മുൻപ് വീശിയ ഓഖി ( Ockhi) ഒരു കാറ്റഗറി 3 ചക്രവാതമായിരുന്നു . എന്നിട്ടുകൂടി ആ ചക്രവാതം എഴുനൂറിലധികം മരണങ്ങൾക്കും പതിനായിരക്കണക്കിന് കോടി രൂപയുടെ ഭൗതിക നാശങ്ങൾക്കും കാരണമായി. എഴുപതുകളിലും എണ്പതുകളിലും ആന്ധ്രാതീരത്തും ,1999 ൽ ഒറീസയിലും വീശിയടിച്ച ചക്രവാതങ്ങളിലും മരണ സംഖ്യ ആയിരങ്ങളായിരുന്നു.

Related image

പല മുൻ ചക്രവാതളെക്കാളും അതി ശക്തമായിരുന്നു ഫാനി . എന്നിട്ടുകൂടി ഫാനി വരുത്തിയ നാശങ്ങൾ തുലോം കുറവായിരുന്നു . ഫാനിയുടെ പൂർണ്ണ ശക്തി അനുഭവിക്കേണ്ടിവന്ന ഒറീസയിലെയും , കേന്ദ്ര ഭരണത്തിന്റെയും മുന്കരുതലുകളോടെയുള്ള ഇടപെടലുകളാണ് ഫാനിയെ കരുതലോടെ നേരിടാൻ തുണയായായത് . നമ്മുടെ ഉപഗ്രഹങ്ങളും മറ്റു രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും മാത്രമല്ല, നമ്മുടെ വ്യോമ നാവിക റഡാറുകളും ഫാനിയെ കൃത്യമായി നിരീക്ഷിച്ചു . ചക്രവാതം എപ്പോൾ തീരമണയുമെന്നും കരക്കുമുകളിലൂടെ അതിന്റെ പഥം എന്തായിരിക്കുമെന്നും മനുഷ്യസാധ്യമായ കൃത്യതയോടെ കണക്കുകൂട്ടി ചക്രവാതത്തിന്റെ പാതയിൽ ഏറ്റവും കൂടുതൽ പ്രഹരമേൽക്കാനിടയുള്ള പ്രദേശങ്ങളിൽനിന്നും മനുഷ്യരെയും വളർത്തു മൃഗങ്ങളെയും സുരക്ഷിതകേന്ദ്രങ്ങളിലേക്ക് ഒഴിപ്പിച്ചു . വൈദ്യുതി ബന്ധം വിച്ഛേദിക്കേണ്ടിടത്ത് മുൻകൂറായി വിച്ഛേദിച്ചു. കനത്ത മഴപെയ്യുന്ന സ്ഥലങ്ങളിലെ കനാലുകളിലെ ഒഴുക്ക് സുഗമമാക്കി. ഈ ഒത്തൊരുമയോടുളള പ്രവർത്തനമാണ് ഇന്ത്യൻ സമുദ്രത്തിൽ രൂപം കൊണ്ടിട്ടുള്ള ഏറ്റവും പ്രഹാര ശേഷിയുളള ഒരു ചക്രവാതം കടന്നുകയറിയിട്ടും ഒറീസ തലയുയർത്തിനിന്നത്.

Image result for fani cyclone

ഒരു ദശാബ്ദം മുൻപ് അമേരിക്കയിൽ വീശിയടിച്ച കത്രീന ചുഴലിക്കാറ്റ് ഫാനിയെക്കാൾ കുറച്ചുകൂടി മാത്രമാണ് ശക്തമായിരുന്നത് . എന്നിട്ടുപോലും ആയിരങ്ങളാണ് അവിടെ മരിച്ചുവീണത് . നമ്മുടെ പരിമിതമായ വിഭവങ്ങൾ ഉപയോഗിച്ച് നാം ഫാനിയെ നേരിട്ട രീതി നമ്മുടെ പൊതുബോധത്തിൽ മായാതെ നിൽക്കണം . ഇനി വരാനിടയുളള പ്രകൃതി ക്ഷോഭങ്ങളെ നേരിടുന്നനത്തിൽ ഒരു മാതൃകയാവണം ഒറീസയും ഇന്ത്യയും ഫാനിയെ മുന്കരുതലുകളിലൂടെ അതിജീവിച്ച ചരിത്രം.