പൗളീഞ്ഞോ മാജികില്‍ ബ്രസീല്‍ മുന്നില്‍

മോസ്‌കോ: നിര്‍ണായക മത്സരത്തില്‍ പ്രീക്വാര്‍ട്ടര്‍ ലക്ഷ്യമിട്ടിറങ്ങിയ ബ്രസീല്‍ സെര്‍ബിയയ്‌ക്കെതിരെ ഒരു ഗോളിന് മുന്നില്‍. 36ആം മിനിട്ടില്‍ പൗളീഞ്ഞോയാണ് മഞ്ഞപ്പടയ്‌ക്ക് വേണ്ടി സെര്‍ബിയന്‍ വല ചലിപ്പിച്ചത്. ഗോള്‍ മുഖത്തേക്ക് കൗടീഞ്ഞോ മറിച്ച്‌ നല്‍കിയ പാസ് സെര്‍ബിയന്‍ ഗോളിയെ വെട്ടിച്ച്‌ പൗളീഞ്ഞോ ഗോള്‍വലയിലേക്ക് തട്ടിയിടുകയായിരുന്നു. മത്സരം ആദ്യ പകുതി പിന്നിടുമ്ബോള്‍ എതിരില്ലാത്ത ഒരു ഗോളിന് ബ്രസീല്‍ മുന്നിലാണ്.

ആറാം ലോകകപ്പ് തേടിയെത്തിയിരിക്കുന്ന ബ്രസീല്‍ ഒരു ജയവും തോല്‍വിയുമായി 4 പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണെങ്കിലും പ്രീക്വാര്‍ട്ടര്‍ യോഗ്യത ഉറപ്പായിട്ടില്ല. ആദ്യത്തെ കളിയില്‍ സ്വിറ്റ്സര്‍ലന്‍ഡിനോട് സമനില വഴങ്ങിയ അവര്‍ കഴിഞ്ഞ മത്സരത്തില്‍ കോസ്റ്റാറിക്കയെ 2 – 1നാണ് കീഴടക്കിയത്. കൗടീഞ്ഞോയുടെ ഫോമും നെയ്മര്‍ ഗോള്‍ കണ്ടെത്തിതും കോച്ച്‌ ടിറ്റെയ്ക്ക് ആശ്വാസം പകരുന്ന കാര്യമാണ്. സെര്‍ബിയയ്‌ക്കെതിരെ സമനില നേടിയാല്‍പ്പോലും ബ്രസീലിന് പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാം. അതേ സമയം തോറ്രാല്‍ സ്വിറ്റ്സര്‍ലന്‍ഡ് കോസ്റ്ററിക്ക മത്സരത്തിന്റെ ഫലവും ഗോള്‍ ശരാശരിയുമെല്ലാം പരിഗണിക്കേണ്ടതായി വരും.