പ്രോവിഡന്റ് ഫണ്ട് ജോലി ഇല്ലാതായാലും 25 ശതമാനം തുക അക്കൗണ്ടില്‍ നിലനിര്‍ത്തി അംഗത്വം തുടരാം

ന്യൂഡല്‍ഹി: പ്രോവിഡന്റ് ഫണ്ട് വരിക്കാരന് ജോലി ഇല്ലാതായാലും 25 ശതമാനം തുക അക്കൗണ്ടില്‍ നിലനിര്‍ത്തി അംഗത്വം തുടരാം. ജോലി നഷ്ടപ്പെട്ടാല്‍ ഒരുമാസത്തിനുശേഷം മൊത്തം നിക്ഷേപത്തിന്റെ പരമാവധി 75 ശതമാനംവരെ പിന്‍വലിച്ച് അംഗമായി തുടരാമെന്ന പുതിയ വ്യവസ്ഥ ചൊവ്വാഴ്ച ചേര്‍ന്ന ഇപിഎഫ് ട്രസ്റ്റ് യോഗം അംഗീകരിച്ചു.

25 ശതമാനം ബാക്കിവെച്ച് അംഗത്വം തുടരുന്നവര്‍ക്ക് 61 വയസ്സുവരെ നിക്ഷേപത്തിനുമേല്‍ നിയമപ്രകാരമുള്ള പലിശ ലഭിക്കും. പെന്‍ഷന്‍ ആനുകൂല്യത്തിനും അര്‍ഹതയുണ്ടാകും. സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കാനാണ് പുതിയ വ്യവസ്ഥ കൊണ്ടുവരുന്നത്. ട്രസ്റ്റ് യോഗത്തിന്റെ തീരുമാനം മന്ത്രാലയം അംഗീകരിക്കുന്നതോടെ അത് പ്രാബല്യത്തിലാകും.

പിഎഫ് നിക്ഷേപം പിന്‍വലിക്കാനുള്ള നിലവിലെ എല്ലാ വ്യവസ്ഥകളും നിലനിര്‍ത്തിയാണ് പുതിയ ചട്ടം അധികമായി ഉള്‍പ്പെടുത്തിയത്. പണം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ഒരുകാരണവശാലും കര്‍ശനമാക്കില്ലെന്ന് ഇപിഎഫ് കമ്മിഷണര്‍ ഡോ വിപി ജോയ് പറഞ്ഞു.

തൊഴില്‍ ഇല്ലാതിരിക്കുന്ന സമയം സാമൂഹികസുരക്ഷിതത്വം ഉറപ്പാക്കാന്‍ 75 ശതമാനം പിന്‍വലിക്കല്‍കൊണ്ട് സാധിക്കും. ഓഹരിവിപണിയിലെ നിക്ഷേപത്തിന്റെ പരിധി 15 ശതമാനത്തില്‍ കൂടുതലാക്കാനുള്ള ഒരു നിര്‍ദേശവും പരിഗണനയിലില്ല. അങ്ങനെ ആലോചിച്ചിട്ടുപോലുമില്ല. കുറഞ്ഞ പെന്‍ഷന്‍ നിലവില്‍ ആയിരം രൂപയാണ്. അത് വര്‍ധിപ്പിക്കാനുള്ള തീരുമാനം കൈക്കൊള്ളേണ്ടത് സര്‍ക്കാരാണ്-കമ്മിഷണര്‍ പറഞ്ഞു.

ജോലി ഇല്ലാതാവുന്ന പിഎഫ് അംഗത്തിന് ഇപ്പോള്‍ നിക്ഷേപം പൂര്‍ണമായി പിന്‍വലിക്കണമെങ്കില്‍ അക്കൗണ്ട് അവസാനിപ്പിക്കണം. തൊഴില്‍ ഇല്ലാതായി രണ്ടുമാസം കഴിഞ്ഞാലേ ഇപ്രകാരം അക്കൗണ്ട് ഇല്ലാതാക്കാനാവൂ. ആ വ്യവസ്ഥ നിലനിര്‍ത്തിയിട്ടുണ്ട്.

ഇനിമുതല്‍, വേണമെങ്കില്‍ അക്കൗണ്ട് അവസാനിപ്പിക്കാം. അല്ലെങ്കില്‍ പുതിയ വ്യവസ്ഥയനുസരിച്ച് ഒരുമാസം കഴിഞ്ഞ് 75 ശതമാനംവരെ പിന്‍വലിക്കാം. ബാക്കിയുള്ള 25 ശതമാനത്തിന് 61 വയസ്സുവരെ പലിശ നല്‍കും.