പ്രിയ വാര്യര്‍ക്കെതിരെ ഹൈദരബാദ് പൊലീസില്‍ പരാതി

ഹൈദരബാദ്: ഒരൊറ്റ ഗാനം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ താരമായ പ്രിയ വാര്യര്‍ക്കെതിരെയും ഗാനത്തിനെതിരെയും ഹൈദരബാദ് പൊലീസില്‍ പരാതി. മുസ്ലിം മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന രീതിയിലാണ് ഗാനത്തിലെ വരികളെന്ന് ചൂണ്ടിക്കാട്ടി ഒരു പറ്റം യുവാക്കളാണ് പരാതി നല്‍കിയത്. മാണിക്യ മലരായ പൂവി എന്ന ഗാനം ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്യുമ്പോള്‍ അത് മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന തരത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച ഗാനത്തിന്‌റെ വീഡിയോ പരാതിക്കാര്‍ ഹാജരാക്കിയിട്ടില്ലന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

ചുരുങ്ങിയ സമയം കൊണ്ടാണ് ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഗാനം സാമൂഹിക മാധ്യമങ്ങളില്‍ തരംഗം ആയത്. ഇതിനോടകം തന്നെ ഒരു കോടിയിലേറെ പ്രേക്ഷകരാണ് വീഡിയോ യൂട്യൂബില്‍ കണ്ടത്.