പ്രിയപ്പെട്ടവരുടെ വിശപ്പാണ്‌ നമുക്ക്‌ കാണാനോ ഊട്ടാനോ ഉള്ള കഷ്‌ടപ്പാടിലും വലുത്‌

ഡോ. ഷിംന അസീസ്

മൂക്കിലൂടെയോ വായിലൂടെയോ ചെറിയ ട്യൂബിട്ട്‌ ഭക്ഷണം കൊടുക്കുന്നത്‌ കണ്ടിട്ടില്ലേ? ഭക്ഷണം വായിലൂടെ കഴിക്കാൻ സാധിക്കാത്ത അവസരങ്ങളിലാണ്‌ ഇത്തരമൊരു സജ്ജീകരണം വേണ്ടി വരുന്നത്‌. പൂർണമായും ദ്രാവകരൂപത്തിലേ നൽകാനാവൂ എങ്കിലും, വിശപ്പ്‌ മാറ്റുക എന്ന സുപ്രധാന ധർമ്മം നിർവ്വഹിക്കുന്ന ഈ കുഴൽ ഘടിപ്പിച്ചൊരാൾ വീട്ടിലുണ്ടെങ്കിൽ ചില മുൻകരുതലുകൾ നിർബന്ധമായും വേണ്ടതുണ്ട്‌. അവർക്കായിട്ടാണ്‌ ഇക്കുറി #SecondOpinion സംസാരിക്കുന്നത്‌.

‘നാസോ ഗ്യാസ്‌ട്രിക്‌ ട്യൂബ്‌’ എന്ന്‌ പേരുള്ള ഈ ‘മൂക്കിലെ കുഴൽ’ ആള്‌ ചില്ലറക്കാരനല്ല. മൂക്കിൽ നിന്നും തൊണ്ടയുടെ പിറകുവശം വഴി ആമാശയം വരെ പോകുന്ന ഈ ട്യൂബ്‌ വിശപ്പകറ്റാൻ സഹായിക്കുന്നതിലൂടെ ജീവൻ നിലനിർത്തുന്ന ഒന്നാണ്‌. ആമാശയത്തിൽ എത്തിപ്പെട്ട വിഷാംശങ്ങൾ വലിച്ചെടുക്കാനും ആമാശയത്തിനകത്തെ ദ്രവം വിവിധ പരിശോധനകൾക്കായി സാമ്പിൾ എടുക്കാനുമൊക്കെ ഈ ട്യൂബ്‌ ഉപയോഗിക്കുമെങ്കിലും അതിനെക്കുറിച്ചൊന്നും കമാന്ന്‌ മിണ്ടാതെ നമ്മൾ ഇതിന്റെ ഭക്ഷ്യാവശ്യത്തിൽ മാത്രമായി കടിച്ചു തൂങ്ങുകയാണിന്ന്‌.

റയൽസ്‌ ട്യൂബ്‌ എന്ന്‌ കൂടി പേരുള്ള ഈ സംഗതി വായിലൂടെ ഭക്ഷണം കഴിക്കാൻ താൽക്കാലികമായോ അല്ലാതെയോ സാധിക്കാത്തവർക്കാണ്‌ ഉപയോഗിക്കുന്നത്‌. മൂക്കിന്റെ ദ്വാരത്തിലൂടെയാണ്‌ ഇത്‌ ആമാശയത്തിൽ എത്തിക്കുന്നത്‌. ശേഷം, ഇത്‌ മൂക്കിന്‌ മുകളിൽ ടേപ്പുപയോഗിച്ച്‌ ഒട്ടിച്ചുറപ്പിക്കും. ദ്രാവകരൂപത്തിലുള്ള ഭക്ഷണം നിശ്‌ചിത അളവിൽ ഇതിന്റെ മുകൾഭാഗത്തെ ദ്വാരത്തിലൂടെ ഒഴിക്കും. മുകളിലെ അറ്റം താഴത്തെ അറ്റത്തെ അപേക്ഷിച്ച് ഉയർന്ന്‌ നിൽക്കുന്നതിനാൽ ഗുരുത്വാകർഷണം ഉപയോഗിച്ച്‌ കൊണ്ട്‌ ഭക്ഷണം ഈ കുഴലിലൂടെ നേരിട്ട്‌ ആമാശയത്തിൽ എത്തും. ഇതാണ്‌ ടെക്‌നിക്ക്‌. പിടികിട്ടിയോ? കഴിവതും തല ഉയർത്തി വെച്ചാണ്‌ ഭക്ഷണം നൽകേണ്ടത്‌. ഫീഡ്‌ നൽകിയ ശേഷം ഉടനെ കിടത്തുന്നതും സാധിക്കുമെങ്കിൽ ഒഴിവാക്കുക. ഈ രണ്ട്‌ മുൻകരുതലുകളും ശ്വാസകോശത്തിലേക്ക്‌ ഭക്ഷണം പ്രവേശിക്കുന്നത്‌ ഒരു പരിധി വരെ തടയും.

ഇനി, എന്തൊക്കെ ഭക്ഷണം ഇതിലൂടെ നൽകാം? കഞ്ഞി ജ്യൂസടിച്ചും പഴം/പച്ചക്കറി ജ്യൂസുകളും സൂപ്പുകളും ഒക്കെയാണ് ഭൂരിപക്ഷം പേരും ട്യൂബിലൂടെ നൽകാറ്, എന്നാൽ രോഗിക്ക് ഇതു മാത്രം നൽകിയാൽ പോര. എന്നുവച്ച്, നമ്മൾ കഴിക്കുന്നതെല്ലാം ഇതിലൂടെ നൽകാനാവില്ല എന്നതും ഇവിടെ ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ദീർഘകാലം ഈ ട്യൂബ്‌ ഉപയോഗിക്കേണ്ടി വരുന്നവർക്ക്‌ വിവിധ ധാതുലവണങ്ങളുടേയും, പോഷകഘടകങ്ങളുടേയും കടുത്ത കുറവ്‌ കണ്ടു വരാറുണ്ട്‌. എന്താണ്‌ ചെയ്യാനാവുക? കഞ്ഞി വേവിക്കുമ്പോൾ അത്‌ ചെറുപയറും ഇലക്കറികളും മറ്റ്‌ പയറുവർഗങ്ങളും ചേർത്ത്‌ വേവിച്ച്‌ ജ്യൂസടിക്കാം. അതല്ലെങ്കിൽ, വൈറ്റമിൻ, പ്രൊട്ടീൻ തുടങ്ങിയവയെല്ലാം രോഗികൾക്ക്‌ എളുപ്പത്തിൽ നൽകാൻ സാധിക്കുന്ന രൂപത്തിൽ ഡയറ്ററി സപ്ലിമെന്റുകളായി ഇന്ന്‌ ലഭ്യമാണ്‌. പൊടിരൂപത്തിലോ ഗുളികരൂപത്തിലോ ഉള്ള ഇവ ഡോക്ടറുടെ നിർദേശപ്രകാരമുള്ള അളവിൽ നൽകുന്ന ഭക്ഷണത്തിൽ അലിയിച്ച്‌ ട്യൂബിലൊഴിച്ച്‌ കൊടുക്കാം. നൽകുന്ന ഭക്ഷണം അധികം കട്ടിയുള്ളതാകരുത്‌. അളവ്‌ അധികമായാൽ മേലോട്ട്‌ തികട്ടി വരാനും ഭക്ഷണം ശ്വാസകോശത്തിൽ കടന്ന്‌ ന്യുമോണിയ വരാനും സാധ്യതയുണ്ട്‌. ഡോക്ടർ നിർദേശിക്കുന്ന കൃത്യമായ ഇടവേളയിൽ നിന്ന് ഭക്ഷണം നൽകൽ കൂടുന്നതും കുറയുന്നതും രോഗിക്ക്‌ ദോഷകരമാണ്‌.

കൈ വൃത്തിയായി കഴുകിയ ശേഷമേ ഭക്ഷണം തയ്യാറാക്കാനും നൽകാനും പാടുള്ളൂ. ഭക്ഷണം കൊടുക്കുന്നതിന്‌ മുൻപും ശേഷവും സിറിഞ്ചിൽ വെള്ളം നിറച്ച്‌ ട്യൂബ്‌ ഫ്ലഷ്‌ ചെയ്യുന്നത്‌ ട്യൂബിനകം വൃത്തിയായിരിക്കാൻ ഒരു പരിധി വരെ സഹായിക്കും. ട്യൂബ്‌ ബ്ലോക്കായി ഭക്ഷണം താഴോട്ട്‌ പോകാതിരിക്കുകയോ ഡോക്ടർ നിർദേശിക്കുന്ന ഇടവേള എത്തുകയോ ചെയ്‌താൽ, (ഏതാണോ ആദ്യം സംഭവിക്കുന്നത്‌ അപ്പോൾ) ട്യൂബ്‌ മാറ്റിയിടണം. ട്യൂബ്‌ കയറ്റിയ നാസാദ്വാരത്തിന്‌ ചുറ്റും മുറിവുകളുണ്ടാകാം. അത്തരം ബുദ്ധിമുട്ടുകൾ ഉണ്ടോ എന്ന്‌ ശ്രദ്ധിക്കണം. മൂക്കിനകത്ത്‌ നിന്നുള്ള സ്രവം ഒഴുകി ട്യൂബിനും പ്ലാസ്‌റ്ററിനും ചുറ്റും പൊറ്റ പിടിക്കാറുണ്ട്‌. ഇത്‌ പ്ലാസ്‌റ്റർ നനഞ്ഞ്‌ ട്യുബ്‌ ഇളകി മാറാത്ത രീതിയിൽ ശ്രദ്ധയോടെ നേർപ്പിച്ച ഉപ്പുവെള്ളത്തിൽ/നോർമൽ സലൈനിൽ നനച്ച കോട്ടൻ തുണി കൊണ്ട്‌ പതുക്കേ നനച്ച്‌ തുടച്ചെടുക്കാം.

മൂക്കിൽ ട്യൂബുള്ള വായിലൂടെ ആഹാരം കഴിക്കാത്ത വ്യക്‌തിയുടെ വായുടെ വൃത്തി പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകാറുണ്ട്‌. ബോധമുള്ള, കിടപ്പിലായ ആൾക്ക്‌ രണ്ട്‌ നേരം പല്ല്‌ തേക്കുകയോ തേപ്പിച്ച്‌ കൊടുക്കുകയോ വേണം. കൂടെ നാവും അണ്ണാക്കും വൃത്തിയാക്കണം. അതിന്‌ സാധിക്കില്ലെങ്കിൽ മൗത്ത്‌വാഷുകൾ ലഭ്യമാണ്‌. അവ രണ്ട്‌ നേരം വായിലൊഴിച്ച്‌ കുലുക്കുഴിയിക്കാം.

ഇനി അതും സാധ്യമല്ലാത്ത കോമയിലോ മറ്റോ കിടക്കുന്ന രോഗികളുടെ വായ്‌ക്കകവും അണ്ണാക്കും നാവിൻപുറവും വൃത്തിയാക്കുന്നതെങ്ങനെയാണ്‌? കൈയിൽ ഗ്ലൗസിട്ട്‌, കഴുകി വൃത്തിയാക്കിയ കോട്ടൻ തുണിയോ അല്ലെങ്കിൽ മുറിവ്‌ കെട്ടാൻ ആശുപത്രിയിൽ ഉപയോഗിക്കുന്ന ഗോസിന്റെ കഷ്‌ണം മുറിച്ചെടുത്തതോ വിരലിന്‌ ചുറ്റുക. ഗോസ്‌ കഷ്‌ണം ഒരിക്കലും രണ്ടാമത്‌ ഉപയോഗിക്കരുത്‌. തുണി വൃത്തിയായി കഴുകി വെയിലത്തിട്ടുണക്കി വീണ്ടും ഉപയോഗിക്കാം. ഫാർമസിയിൽ നിന്നും കിട്ടുന്ന ‘നോർമൽ സലൈൻ’ കൊണ്ട്‌ ഈ വിരൽതുമ്പിലെ തുണി നനച്ച്‌ പല്ലും, മോണയും നാക്കും അണ്ണാക്കും തുടച്ചെടുക്കുക. ഏത്‌ സാഹചര്യത്തിലായാലും വായയുടെ വൃത്തി സുപ്രധാനമാണ്‌.

റയൽസ്‌ ട്യൂബ്‌ എന്നല്ല, ശരീരത്തിൽ ഘടിപ്പിക്കുന്ന ഏത്‌ കുഴലും സ്വാഭാവികമായും രോഗിക്ക്‌ സ്വസ്‌ഥതക്കുറവുണ്ടാക്കാം. അവർക്ക് ആവുന്നത്ര സ്വകാര്യതയും ബഹുമാനവും ഉറപ്പ്‌ വരുത്തുക. രോഗിക്ക്‌ പൂർണ്ണമായി ബോധമില്ലാത്ത അവസ്‌ഥയിൽ ട്യൂബ്‌ തൽസ്‌ഥാനത്തിരിക്കുന്ന ബുദ്ധിമുട്ട്‌ മൂലം അതിൽ പിടിച്ച്‌ വലിച്ച്‌ പറിക്കാൻ ശ്രമിക്കുന്നത്‌ സാധാരണമാണ്‌. വെറുതേ ആഞ്ഞൊന്ന്‌ വലിച്ചാൽ പോലും ഈ ട്യൂബ്‌ തടസ്സമില്ലാതെ പുറത്തേക്ക്‌ പോരും. അത്തരം അവസ്‌ഥകളിൽ, റയൽസ്‌ ട്യൂബ്‌ ഇളകി മാറാതിരിക്കാൻ അവരെ വേദനിപ്പിക്കാതെ തന്നെ മൃദുവായി കൈമാറ്റി കെട്ടി വെക്കാറുണ്ട്‌, അതിനുള്ള ഉപാധികളുമുണ്ട്‌. ഇതിനെ വൈകാരികമായി കാണേണ്ടതില്ല. കാര്യം മനസ്സിലാക്കാതെ ഇതേക്കുറിച്ച്‌ ബന്ധുക്കൾക്കോ രോഗിക്കോ വിഷമമുണ്ടാക്കും വിധം അഭിപ്രായം പറയുന്ന ആശ്വാസക്കമ്മറ്റി മെമ്പറാവുകയുമരുത്‌.

വാൽക്കഷ്‌ണം.

“മൂക്കിൽ കുഴലിട്ടത്‌ കാണാൻ സങ്കടമാണ്‌/ബുദ്ധിമുട്ടാണ്‌” എന്ന്‌ പറഞ്ഞ്‌ റയൽസ്‌ ട്യൂബിടാൻ അനുവദിക്കാത്ത എത്രയോ കൂട്ടിരിപ്പുകാരെ കണ്ടിട്ടുണ്ട്‌. മൂക്കിൽ കുഴലിട്ട്‌ ഭക്ഷണം കഴിക്കാൻ കൊടുക്കുന്നത്‌ ഒരു പാതകമല്ല. മറിച്ച്‌, വിശപ്പ്‌ മാറുകയെന്നതും ആവശ്യമായ പോഷകങ്ങൾ ശരീരത്തിന് ലഭിക്കേണ്ടതും ആ മനുഷ്യന്റെ അടിസ്‌ഥാന അവകാശമാണ്‌. അത്യാവശ്യമുള്ള സമയത്തല്ലാതെ ഒരു ഡോക്ടർ ഇത്തരമൊരു സംഗതി നിർദേശിക്കില്ല എന്നറിയുക. മൂക്കിലെ കുഴൽ കാണുന്ന സെൻിമെന്റ്‌സ്‌ നീക്കി വെച്ച്‌ നമുക്കെത്ര സമയം പട്ടിണി കിടക്കാനാവുമെന്ന്‌ സങ്കൽപ്പിക്കാം.

ട്യൂബിടാൻ പോലും സാധിക്കാത്ത അവസ്‌ഥയിലുള്ളവരും ഉണ്ടെന്നറിയുക. പ്രിയപ്പെട്ടവരുടെ വിശപ്പാണ്‌ നമുക്ക്‌ കാണാനോ ഊട്ടാനോ ഉള്ള കഷ്‌ടപ്പാടിലും വലുത്‌. ആശ്രിതരാകേണ്ടി വന്നവർക്ക്‌ അഭിമാനത്തോടെ അതിന്‌ സാധിക്കണം. സ്‌നേഹത്തോടെ നമ്മളത്‌ സാധിച്ച്‌ കൊടുക്കുകയും വേണം. കൂടെ നിൽക്കേണ്ടവരായ ആരോഗ്യപ്രവർത്തകർ നിങ്ങളോടൊപ്പം എന്നുമുണ്ടാകും. ധൈര്യമായിരിക്കുക.