പ്രിയനന്ദനനെതിരായ ആക്രമണം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെയുളള കടന്നുകയറ്റം; അപലപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംവിധായകന്‍ പ്രിയനന്ദനനെതിരെയുളള ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെയുളള കടന്നുകയറ്റമാണ് ഇതെന്നും അക്രമികളെ ഒരുതരത്തിലും വെച്ച് പൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രിയനന്ദനനെ ആക്രമിച്ച വ്യക്തി ആര്‍എസ്എസ് പ്രവര്‍ത്തകനായ സരോവര്‍ വല്ലച്ചിറ ആണെന്നും ഇദ്ദേഹം ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.

ഇന്ന് രാവിലെയാണ് സംവിധായകനെതിരെ ആക്രമണം ഉണ്ടാവുന്നത്. ചാണകവെള്ളം തളിച്ച് മര്‍ദിച്ചതായി അദേഹം പറഞ്ഞു. തൃശൂർ വല്ലച്ചിറയിലെ വീടിനു സമീപമാണ് ആക്രമണമുണ്ടായത്. ശബരിമല വിഷയത്തിൽ പ്രിയനന്ദനന്റെ ഫെയ്സ്ബുക് പോസ്റ്റ് വിവാദമായിരുന്നു. അദ്ദേഹം ചേർപ്പ് ആശുപത്രിയിൽ ചികിത്സ തേടി.

വിവിധ കോണുകളില്‍നിന്നു ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നു പോസ്റ്റ് പിന്‍വലിച്ചിരുന്നു. പിന്നീട് തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് അറിയിച്ച് പുതിയ പോസ്റ്റ് ഇടുകയും ചെയ്തു. ‘ഞാന്‍ വീട്ടില്‍ തന്നെയുണ്ട്. കൊല്ലാനാണെങ്കിലും വരാം. ഒളിച്ചിരിക്കില്ല’ എന്നും പോസ്റ്റില്‍ കുറിച്ചിരുന്നു.