പ്രായപൂർത്തിയായവർ നഗ്നഫോട്ടോകൾ കൈവശം വയ്ക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി

കൊച്ചി: പ്രായപൂർത്തിയായവർ നഗ്നഫോട്ടോകൾ കൈവശം വയ്ക്കുന്നത് കുറ്റകരമല്ലെന്ന് കേരള ഹൈക്കോടതി. നഗ്നഫോട്ടോകൾ കൈവശം വയ്ക്കുന്നതിനെതിരെ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത് തടയുന്നതിനുള്ള നിയമം പ്രകാരം കേസെടുക്കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു സ്ത്രീക്കും പുരുഷനുമെതിരായ ക്രിമിനൽ നടപടി കോടതി റദ്ദാക്കി. അതേസമയം ചിത്രങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്നും കോടതി വ്യക്തമാക്കി.

പ്രായപൂർത്തിയായ പുരുഷനോ സ്ത്രീയോ ലൈംഗിക ചുവയുള്ള സ്വന്തം ഫോട്ടോ കൈവശം വയ്ക്കുന്നത് 1986ലെ നിയമത്തിലെ 60ാം വകുപ്പ് പ്രകാരം കുറ്റകരമല്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. എന്നാൽ അത്തരം ഫോട്ടോകൾ പ്രസിദ്ധപ്പെടുത്തുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നതിന് പ്രോസിക്യൂഷന് കേസെടുക്കാവുന്നതാണെന്നാണ് ഹൈക്കോടതി ജഡ്ജി രാജ വിജയരാഘവൻ വിധി പുറപ്പെടുവിച്ചു.

ഒരു പുരുഷനും സ്ത്രീക്കുമെതിരെയുള്ള നിയമനടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്. കൊല്ലം മജിസ്ട്രേറ്റ് കോടതിക്ക് മുന്നിലുള്ള കേസ് തീരുമാനമാകാത്തതിനെ തുടർന്നാണ് ഹൈക്കോടതിയിലെത്തിയത്.

2008ലാണ് കൊല്ലം ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കൊല്ലം ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡിൽ പൊലീസ് നടത്തിയ പരിശോധനയിൽ രണ്ട് പേരുടെ ബാഗിൽ നിന്നും ക്യാമറകൾ കണ്ടെത്തിയിരുന്നു. പരിശോധനയിൽ ഒരാളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും കണ്ടെത്തി. ഇതിനെ തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണത്തിന് ശേഷം ഫൈനൽ റിപ്പോർട്ട് കൊല്ലം മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കുകയായിരുന്നു.