പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; യുഎസില്‍ കോടീശ്വരന്‍ പിടിയില്‍

ന്യൂയോര്‍ക്ക്; യുഎസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികലെ പീഡിപ്പിച്ച കോടീശ്വരന്‍ പിടിയിലായി. കോടീശ്വരനായ ജെഫ്രെ എപ്സ്റ്റിനെയാണ് കഴിഞ്ഞ ദിവസം ന്യൂ ജഴ്സിയില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ധനകാര്യ സ്ഥാപനമായ ഹെഡ്ഗെ ഫണ്ട് മുന്‍ മാനേജരാണ് ഇയാള്‍.

ന്യൂയോര്‍ക്കിലെയും ഫ്ലോറിഡയിലെയും ആഢംബര വസതിയില്‍ ചെറിയ പെണ്‍കുട്ടികളെയെത്തിച്ച്‌ ഇയാള്‍ ലൈംഗികമായി ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തി.  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണെന്ന് മനസ്സിലാക്കിയാണ് ഇയാള്‍ ബന്ധത്തിലേര്‍പ്പെട്ടതെന്നും പോലീസ് പറഞ്ഞു. ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 14 വയസ്സില്‍ താഴെയുള്ള നിരവധി പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ കണ്ടെടുത്തു.

പെണ്‍വാണിഭം, പെണ്‍വാണിഭത്തിനുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അമേരിക്കന്‍ നിയമപ്രകാരം 45 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് അതേസമയം, പരസ്പര സമ്മതത്തോടെയാണ് പലരുമായും ബന്ധപ്പെട്ടതെന്നും ചിലര്‍ പ്രായപൂര്‍ത്തിയാകാത്ത കാര്യം അറിയുമായിരുന്നില്ലെന്നും എപ്സ്റ്റിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ്, മുന്‍ പ്രസിഡന്‍റ് ബില്‍ ക്ലിന്‍റണ്‍ എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് ജെഫ്രെ. സമീപകാലത്ത് ഒരു ടിവി അഭിമുഖത്തില്‍ എപ്സ്റ്റിനെ ട്രംപ് പുകഴ്ത്തി സംസാരിച്ചിരുന്നു. ജെഫ്രെ എപ്സ്റ്റിന്‍റെ അറസ്റ്റ് രാഷ്ട്രീവ വിവാദങ്ങള്‍ക്കും കാരണമായേക്കും.