പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള; മാനാഞ്ചിറയില്‍ പ്രദര്‍ശനം ആരംഭിച്ചു

കേരള ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് മാനാഞ്ചിറ മൈതാനത്ത് പൊതുജനങ്ങള്‍ക്കായി ചലച്ചിത്ര പ്രദര്‍ശനം ആരംഭിച്ചു. മാര്‍ച്ച് 15 വരെ മാനാഞ്ചിറ സ്‌ക്വയറില്‍ പൊതുജനങ്ങള്‍ക്കായുളള ചലച്ചിത്ര പ്രദര്‍ശനം നടക്കും.

ഏഴു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ മൂന്ന് ഡോക്യുമെന്ററികള്‍ ഉള്‍പ്പെടെ 56 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. സമകാലിക ലോക സിനിമാ വിഭാഗത്തില്‍ 22 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. കഴിഞ്ഞ ഡിസംബറില്‍ നടന്ന 22ാമത് ഐ.എഫ്.എഫ്.കെയില്‍ മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രങ്ങളാണിവ. ഐ.എഫ്.എഫ്.കെയില്‍ സുവര്‍ണ ചകോരം ലഭിച്ച ‘വാജിബ്, മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്‌കാരം നേടിയ ‘ഐ സ്റ്റില്‍ ഹൈഡ് റ്റു സ്മോക്ക്’, പ്രത്യേക ജൂറി പരാമര്‍ശം നേടിയ ‘കാന്‍ഡലേറിയ’ തുടങ്ങിയ ചിത്രങ്ങള്‍ ഇതില്‍ പെടുന്നു. സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം നല്‍കി ഐ.എഫ്.എഫ്.കെയില്‍ ആദരിക്കപ്പെട്ട വിഖ്യാത റഷ്യന്‍ സംവിധായകന്‍ അലക്സാണ്ടര്‍ സൊകുറോവിന്റെ ‘ദ സ’ ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

‘മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ ആറു ചിത്രങ്ങളും ‘ഇന്ത്യന്‍ സിനിമ ഇന്ന്’ എന്ന വിഭാഗത്തില്‍ ഒമ്പതു സിനിമകളും പ്രദര്‍ശിപ്പിക്കും. ഇന്ന് വൈകീട്ട് 7 മണിക്ക് എം.ടി വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത ‘നിര്‍മാല്യം’ പ്രദര്‍ശിപ്പിക്കും.