പ്രളയ സഹായം ലഭിക്കണമെങ്കില്‍ സിപിഎം നേതാക്കളുടെ ശുപാര്‍ശ വേണമെന്ന അവസ്ഥയെന്ന് ചെന്നിത്തല

തിരുവനന്തപുരം: പ്രളയ സഹായം നടപ്പാക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാകുന്നില്ലെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. പ്രളയം കഴിഞ്ഞ് 5 മാസം പിന്നിട്ടിട്ടും ഒന്നും നടപ്പായില്ലെന്നും കുറ്റകരമായ അനാസ്ഥ ആണ് സര്‍ക്കാറിന്‍റെ ഭാഗത്തു നിന്ന് ഉണ്ടായതെന്നും ചെന്നിത്ത തിരുവനന്തപുരത്ത് പറഞ്ഞു.

മുഖ്യമന്ത്രി പ്രഖ്യാപിച്ച പോലെയുള്ള സഹായങ്ങള്‍ പലര്‍ക്കും കിട്ടിയിട്ടില്ല. ഉദ്യോഗസ്ഥര്‍ നല്‍കുന്ന കണക്ക് മാത്രമാണ് സര്‍ക്കാരിന്റെ കയ്യില്‍ ഉള്ളത്. റവന്യു വകുപ്പാകട്ടെ പൂര്‍ണ നിദ്രയിലാണ്. പല സ്ഥലങ്ങളിലും രാഷ്ട്രീയം മാനദണ്ഡമാക്കിയാണ് സഹായം നല്‍കിയതെന്നും സി പി എം പ്രാദേശിക നേതാക്കളുടെ ശുപാര്‍ശ ഉണ്ടെങ്കിലേ സഹായം കിട്ടു എന്ന അവസ്ഥയുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.

പി സി ജോര്‍ജിന്‍റെ യു ഡി എഫ് പ്രവേശനക്കാര്യത്തില്‍ ഒരു തരത്തിലുമുള്ള ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ മാത്രമേ അറിയു എന്നും ചെന്നിത്തല വിവരിച്ചു.

തിരഞ്ഞെടുപ്പില്‍ നവ മാധ്യമ വിഭാഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അനില്‍ ആന്റണിയെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായി നിയമിച്ചതെന്നാണ് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി പറഞ്ഞതെന്നും ചെന്നിത്തല വിശദീകരിച്ചു.