പ്രളയാനന്തര സഹായം വൈകുന്നത് സഭ ചര്‍ച്ച ചെയ്യും; പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി

തിരുവനന്തപുരം: പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി. ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെന്ന് കാണിച്ചാണ് പ്രതിപക്ഷത്തിന്‍റെ നോട്ടീസ്. മഹാപ്രളയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം. ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വി.ഡി. സതീശനാണ് നോട്ടീസ് നല്‍കിയത്. ഒരു മണി മുതല്‍ മൂന്ന് മണി വരെയാണ് ചര്‍ച്ച.

അതേസമയം, ശബരിമല പ്രശ്നത്തിൽ യുഡിഎഫിന്‍റെ മൂന്ന് യുഡിഎഫ് എംഎല്‍എമാരുടെ സത്യഗ്രഹം നിയമസഭാ കവാടത്തില്‍ തുടരുന്ന സാഹചര്യത്തില്‍ പ്രശ്ന പരിഹാരത്തിന് സ്പീക്കര്‍ ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇന്നലെതന്നെ ചര്‍ച്ച നടത്തിയെന്നും ഇനിയും തുടരുമെന്നും സ്പീക്കര്‍ പറഞ്ഞു. സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയ്ക്കുള്ളില്‍ മുദ്രാവാക്യംവിളിച്ചു. ചോദ്യോത്തരവേളയോട് സഹകരിക്കുന്നു.

ശബരിമല പ്രശ്നത്തിൽ പ്രതിപക്ഷ എംഎൽ എ മാരുടെ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. വി.എസ്.ശിവകുമാര്‍, പാറയ്ക്കല്‍ അബ്ദുല്ല, എന്‍.ജയരാജ് എന്നിവരാണ് സത്യഗ്രഹ സമരം നടത്തുന്നത്. നിരോധനാജ്ഞയും നിയന്ത്രണങ്ങളും പൂര്‍ണമായി പിന്‍വലിക്കണമെന്നാണ് ആവശ്യം. സെക്രട്ടേറിയറ്റ് പടിക്കല്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ നടത്തുന്ന നിരാഹാര സമരവും ഇന്ന് മൂന്നാംദിവസത്തിലേക്ക് കടന്നു.