പ്രളയാനന്തരമുള്ള കുടിവെള്ളത്തിലെ അമ്ലത (അസിഡിറ്റി)

 

ഡോ. സുരേഷ്. സി. പിള്ള

പ്രളയാനന്തരം കേരളത്തിൽ പല സ്ഥലങ്ങളിലും കുടിവെള്ളത്തിന് അമ്ല സ്വഭാവം നന്നായി കൂടിയിട്ടുണ്ട്. ഇത് എത്രത്തോളം നമുക്ക് ഹാനികരം ആണെന്ന് നോക്കാം.

എന്താണ് pH (പി എച്ച്)?

അമ്ലതയുടെയും (acidity), ക്ഷാരതയുടെയും (alkalinity) അളവാണ് pH (പി എച്ച്) എന്ന് പൊതുവായി പറയാം. കുറച്ചു കൂടി വിശദമാക്കിയാൽ വെള്ളത്തിൽ ഉള്ള ഹൈഡ്രോജെൻ അയോണുകളുടെ (hydrogen ion) അളവാണ് pH. pH സ്കെയിൽ എന്നാൽ പൂജ്യം മുതൽ പതിനാലു വരെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. pH ന്റെ വാല്യൂ 7.0 എന്നാൽ ആ ദ്രാവകം ന്യൂട്രൽ (നിർവീര്യം) എന്നർത്ഥം. പൂജ്യം മുതൽ ഏഴുവരെ അമ്ലത അടയാളപ്പെടുത്തുന്നു. ഏഴുമുതൽ പതിനാലുവരെ ക്ഷാരതയും കണക്കാക്കുന്നു. ഏഴിൽ നിന്നും താഴേയ്ക്ക് വരുമ്പോൾ pH കൂടും, അതായത് pH 2 ആണ് pH 4 നേക്കാൾ അസിഡിറ്റി ഉള്ളത്.

pH എന്നാൽ “power of hydrogen” എന്നാണ് വികസിത രൂപം. pH എന്നാൽ minus the logarithm of the ‘hydrogen ion’ concentration എന്നാണ്. അതായത് ‘power of hydrogen’ എന്ന് ലളിതമായി പറയാം. ഇനി ലോഗരിതമായി പറയുന്നത്, express ചെയ്യാനുള്ള എളുപ്പത്തിൽ തന്നെ. ഉദാഹരണത്തിന്, ചെറുനാരങ്ങായിൽ ഉള്ള ആസിഡിന്റെ hydrogen ion concentration 0.01 moles per litre ആണ്. ഇത് -log [H+] ആക്കിക്കഴിയുമോൾ നമുക്ക്, 2 എന്ന മൂല്യം കിട്ടും. അതായത് ചെറുനാരങ്ങായിലെ pH 2 ആണ്. ഇനി പച്ച വെള്ളത്തിലെ hydrogen ion concentration 0.000001 moles per litre ആണ്. ഇത് -log [H+] അതായത് -log [0.000001] ആക്കിക്കഴിഞ്ഞാൽ pH ന്റെ മൂല്യം 7 ആണ്. ഇനി ഒരു NaOH sodium hydroxide ന്റെ hydrogen ion concentration 0.0000000000001 ആണെങ്കിൽ അതിന്റെ pH 13 ആയിരിക്കുമല്ലോ? നിങ്ങളുടെ സ്കൂളിലെ ലാബിൽ ഉള്ള NaOH (sodium hydroxide)ന്റെ hydrogen ion concentration എത്ര എന്ന് ചോദിച്ചാൽ, ഉത്തരം 0.0000000000001 എന്ന് പറയാൻ, നല്ല ബുദ്ധിമുട്ടാവില്ലേ? എന്നാൽ pH 13 എന്ന് പറഞ്ഞാൽ എത്ര എളുപ്പമാണ്, ഇല്ലേ? [ഇതു പോലെ നമ്മുടെ ജോലി എളുപ്പം ആക്കാനാണ്, ലോഗരിതമിക് സ്കെയിലിൽ കണക്കുകൾ എടുക്കുന്നത്].

അപ്പോൾ നമ്മുടെ കുടിവെള്ളത്തിന്റെ സ്വീകാര്യമായ pH എത്രയാണ്?

ശുദ്ധജലത്തിന്റെ pH ഏഴ് (7) ആണ് എന്നൊക്കെ സ്കൂളിൽ പഠിച്ചത് ഓർമ്മ കാണുമല്ലോ? എന്നിരുന്നാലും, പലപ്പോളും ജല സ്രോതസ്സിന്റെ വ്യത്യസം അനുസരിച്ചു pH ഓരോ സ്ഥലത്തും വ്യത്യസം ആയിരിക്കും. ലോകാരോഗ്യ സംഘടനയുടെ (WHO) Guidelines for Drinking-water Quality (WHO/SDE/WSH/07.01/1) പറയുന്നത്, കുടിവെള്ളത്തിന്റെ സ്വീകാര്യമായ pH 6.5 മുതൽ 9.5 വരെയാണ്. മറ്റൊരു പ്രധാനപ്പെട്ട കാര്യം കൂടി ഉണ്ട്, അണു നശീകരണ പ്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ക്ലോറിനേഷൻ ഫലപ്രദമാക്കൻ pH വാല്യൂ 8.0 ൽ താഴെ ആയിരിക്കണം എന്നും പഠനങ്ങൾ കാണിക്കുന്നു. pH മീറ്റർ എന്ന ലഘുവായ ഒരു ഉപകരണം കൊണ്ട് കുടി വെള്ളത്തിന്റെ pH കണ്ടുപിടിക്കാം.

എങ്ങിനെയാവാം കുടിവെള്ളത്തിന്റെ അമ്ലത കൂടാൻ കാരണം?

കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തിലെ ഒരു നിഗമനത്തിൽ എത്താൻ പറ്റുകയുള്ളൂ, എങ്കിലും അന്തരീക്ഷ മലിനീകരണം കാരണം അന്തരീക്ഷത്തിൽ ഉള്ള സൾഫർ, നൈട്രജൻ ഡൈ ഓക്സൈഡ് തുടങ്ങിയവ മഴ വെള്ളവും ആയി പ്രവർത്തിച്ചു ആസിഡ് മഴ ആവാം (ഉദാഹരണം NO2 + OH• → HNO3). ഇതിനു പ്രളയവും ആയി ബന്ധം ഇല്ല. പക്ഷെ പ്രളയം മൂലം മണ്ണിൽ നിന്നും അമ്ല ഗുണമുള്ള ലവണങ്ങൾ ഒഴുക്കിൽ കലർന്ന് കുടിവെള്ളവും ആയി കലർന്നതും ആകാം.

അമ്ലത/ അസിഡിറ്റി കൂടിയാൽ ആരോഗ്യ പ്രശ്നമുണ്ടോ?

മുകളിലത്തെ ഉദാഹരണത്തിൽ പറഞ്ഞ ടെസ്റ്റിൽ കണ്ട pH മൂല്യം 3.7 ആണ്. ഇത് വളരെ കൂടിയ അമ്ലത/ അസിഡിറ്റി അല്ല എന്ന് പറയാം. കാരണം നമ്മുടെ ആമാശയത്തിൽ ഉള്ള ദഹന ദ്രാവകത്തിൽ (stomach fluid) ഹൈഡ്രോ ക്ലോറിക്ക് ആസിഡ് ഉണ്ട് എന്ന് സ്കൂളിൽ പഠിച്ചത് ഓർമ്മിക്കുമല്ലോ? ആമാശയത്തിൽ ഉള്ള ദഹന ദ്രാവകത്തിന്റെ pH മൂല്യം ഏകദേശം 2.0 ആണ്. അതുപോലെ നമ്മൾ കുടിക്കുന്ന കോള, ജ്യൂസുകൾ ഇവയെല്ലാം നേർത്ത ആസിഡുകൾ ആണ്. ചെറു നാരങ്ങാ ജ്യൂസിന് (lemon juice) pH മൂല്യം 2.4 ആണ്. പറഞ്ഞു വരുന്നത് ബാക്റ്റീരിയയോ, മറ്റ് വിഷ വസ്തുക്കളോ കുടിവെള്ളത്തിൽ ഇല്ലെങ്കിൽ pH മൂല്യം കുറഞ്ഞത് കൊണ്ട് മാത്രം തല്ക്ഷണമായ ആരോഗ്യ പ്രശ്ങ്ങൾ ഇല്ല എന്ന് പറയാം.

അപ്പോൾ ദൂരവ്യാപകമായ വേറെ എന്തെങ്കിലും പ്രശ്നങ്ങൾ?

ഉണ്ടാകാം. വെള്ളത്തിൽ ഉള്ള അമ്ലത ലോഹങ്ങൾ ദ്രവിക്കുന്നത് ദ്രുത ഗതിയിൽ ആക്കും. ഇത് പൈപ്പിലും, പ്ലംബിങ്ങിന് ഉപയോഗിച്ചിട്ടുള്ള മറ്റു ലോഹ സംയുക്തങ്ങളിലും ഉള്ള വിഷലിപ്തമായ ലെഡ് പോലുള്ള ഭീമ ലോഹങ്ങൾ (ഹെവി മെറ്റൽ) വെള്ളത്തിൽ കലരാനും അത് ദൂരവ്യാപകമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുവാനും കാരണമായേക്കാം.

എങ്ങിനെ വെള്ളത്തിലെ അസിഡിറ്റി കുറയ്ക്കാം?

വീട്ടിൽ വാട്ടർ പ്യൂരിഫയർ ഉപയോഗിക്കുന്നുവെങ്കിൽ അതിന്റെ കൂടെ ലഭ്യമായ ആൽക്കലൈൻ കാട്ട്റിഡ്ജ് ഘടിപ്പിച്ചു അമ്ലത കുറയ്ക്കാം. പരമ്പരാഗതമായി ചെയ്തു വരുന്ന നീറ്റുകക്ക (കാൽസ്യം ഓക്സൈഡ് (CaO)) കിഴികെട്ടി ഇട്ടും കിണറ്റിലെ വെള്ളത്തിന്റെ അമ്ലത കുറയ്ക്കാം. pH കണ്ടു പിടിച്ചതിനു ശേഷം അടുത്തുള്ള കൃഷി ഓഫീസുമായോ, വാട്ടർ അതോറിറ്റിയുമായോ സംസാരിച്ചു കൃത്യമായ അളവ് കണ്ടെത്താം.

എങ്ങിനെ വീട്ടിലെ വെള്ളത്തിലെ pH മൂല്യം കണ്ടുപിടിക്കാം.

pH അളക്കുന്ന pH മീറ്ററുകൾ വിപണിയിൽ ലഭ്യമാണ്. വീട്ടിലെ കുടി വെള്ളം വാട്ടർ അതോറിറ്റിയുടെ ലാബിലേക്ക് അയച്ചു ടെസ്റ്റ് ചെയ്യാം (Kerala Water Authority Control Regional Lab Thrissur – Palghat Road, Kizhakkumpattukara, Thrissur, Kerala 680005, India; Phone: +91 487 233 8380) അല്ലെങ്കിൽ കൂടുതൽ വിവരങ്ങൾക്ക്
കുന്നമംഗലത്ത് ഉള്ള Centre for Water Resources Development and Management നെ സമീപിക്കാം അഡ്രസ്
Kunnamangalam, Kozhikode-673 571; Kerala , India; Phone: (91) 495 2351800,2351801, 2351803, 2351804). വെള്ളം ടെസ്റ്റ് ചെയ്യാൻ അയക്കുമ്പോൾ ലഭ്യമായ മുഴുവൻ ടെസ്റ്റുകളും (ബാക്ടീരിയയുടെ അളവ്, മൂലകങ്ങൾ, ഓർഗാനിക് മാറ്റാറുകൾ, ലവണങ്ങൾ, ഹെവി മെറ്റലുകളുടെ സാന്നിദ്ധ്യം തുടങ്ങിയവ) ചെയ്യാൻ ഓർക്കുക.

അടിയന്തിരമായി ഭവിഷ്യത്തുകൾ ഒന്നും കാണുന്നില്ലെങ്കിലും, ദൂരവ്യാപകമായ പ്രത്യഘാതങ്ങളെപ്പറ്റി (ഉദാഹരണത്തിന് ടോക്സിക് ആയ ഹെവി മെറ്റലുകളുടെ കലർപ്പ്), ആരോഗ്യ വകുപ്പും, വാട്ടർ അതോറിറ്റിയും മുൻകൈ എടുത്ത് ഈ വിഷയത്തിൽ കൂടുതൽ അന്വേഷണങ്ങളും, പഠനങ്ങളും പൊതുജന താല്പര്യപ്രകാരം ആരംഭിക്കണം.