പ്രളയാനന്തരം യു എ ഇയുടെ ധനസഹായം നിരസിച്ചത് ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിച്ചു: ടി പി ശ്രീനിവാസന്‍

കോഴിക്കോട്: പ്രളയാനന്തരം യുഎ ഇയില്‍ നിന്നുള്ള 700 കോടി ധനസഹായം കേരളം വാങ്ങാതിരുന്നത് അന്തര്‍ദേശീയ തലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിച്ചുവെന്ന് ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ ടി പി ശ്രീനിവാസന്‍. ദേശീയതയുടെ വളര്‍ച്ച ഉഭയകക്ഷി ബന്ധത്തെ ബാധിക്കില്ലെന്നും ഐക്യരാഷ്ട്ര സംഘടനയുടെ തത്ത്വങ്ങള്‍ക്ക് ഏതിരായാണ് നിലവില്‍ രാഷ്ട്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഓരോ രാജ്യങ്ങളും നയതന്ത്രബന്ധങ്ങളില്‍ ഏര്‍പ്പെടുന്നത് സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ്. അത് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണ സഹവര്‍ത്തിത്വം ഇല്ലാതാക്കുന്നു.
ഖുറേശി വധത്തിലും റോഹിങ്ക്യന്‍ പ്രശ്‌നത്തിലും ഇന്ത്യക്ക് മൗനം പാലിക്കാന്‍ സാധിക്കില്ലെന്നും നയതന്ത്ര ബന്ധങ്ങളില്‍ തുലനാവസ്ഥ അനിവാര്യമാണെന്നും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

ചൈനയുടെ ത്വരിതഗതിയിലുള്ള വളര്‍ച്ച ഇന്ത്യയെ മോശമായി ബാധിക്കുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രമുഖ ഇന്ത്യന്‍ നയതന്ത്രജ്ഞനായ വേണു രാജാമണി വാദിച്ചു. അയല്‍പക്ക രാജ്യങ്ങളുമായി സൗഹൃദബന്ധത്തില്‍ ഏര്‍പ്പെടാതെ നയതന്ത്രത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കില്ലെന്നും അവസരങ്ങള്‍ക്കനുസരിച്ച് ചൈനയെപ്പോലെ ഇന്ത്യ പെരുമാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.