പ്രമുഖ ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു

ലണ്ടന്‍ : പ്രമുഖ ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് (76) അന്തരിച്ചു. “എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം” ഉള്‍പ്പടെ ലോകപ്രശസ്തമായ കൃതികളുടെ ഉടമയാണ് ഹോക്കിംഗ്. ഇരുപത്തിയൊന്നാം വയസില്‍ മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് ബാധിച്ച ഹോക്കിംഗ് പിന്നീട് വീല്‍ചെയറിലാണ് തന്‌റെ ജീവിതം ചിലവിട്ടത്.

പ്രപഞ്ചരഹസ്യവുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങളും ഗവേഷണങ്ങളും അദ്ദേഹം
നടത്തിയിരുന്നു.ലോകത്താകമാനമുള്ള യുവ ഗവേഷകര്‍ക്കും ശാസ്ത്രനിരീക്ഷകര്‍ക്കും ഏറെ പ്രചോദനമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ കഴിഞ്ഞാല്‍ എറ്റവും മികച്ച സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞന്മാരിലൊരാളാണ് സ്റ്റീഫന്‍ ഹോക്കിംഗ്.1942 ജനുവരി 8ന് ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡില്‍ ഫ്രാങ്ക് ഹോക്കിംഗിന്റെയും ഇസബെല്‍ ഹോക്കിംഗിന്റെയും മകനായി ജനിച്ച ഇദ്ദേഹം എഎല്‍എസ്  രോഗബാധിതനായിരുന്നു. ഓക്‌സ്‌ഫോര്‍ഡ് യുണിവേഴ്‌സിറ്റിയിലെ ബിരുദ പഠനത്തിനു ശേഷം കേംബ്രിഡ്ജില്‍ ഗവേഷണത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് അമയോട്രോപ്പിക് ലാറ്ററല്‍ സ്‌ക്ലീറോസിസ് എന്ന അസുഖം ബാധിച്ചതായി തിരിച്ചറിയുന്നത്. രണ്ടു വര്‍ഷത്തെ ആയുസ്സ് വിധിച്ച ഡോക്ടര്‍മാരെ ഞെട്ടിച്ചു കൊണ്ട് അദ്ദേഹം എഴുപത്തിയാറു വയസു വരെ ജീവിച്ചു.

പിതാവിന്റെ മരണവിവരം ഹോക്കിംഗിന്‌റെ മക്കളായ ലൂസിയും റോബര്‍ട്ടും ടിമ്മും വാര്‍ത്താക്കുറിപ്പിലൂടെ സ്ഥിരീകരിച്ചു.