പ്രമുഖ അഭിഭാഷകരുടെ ഓഫീസുകളിൽ സിബിഐ റെയ്‌ഡ്‌

മനുഷ്യാവകാശപ്രവർത്തകർ കൂടെയായ സുപ്രീം കോടതി അഭിഭാഷകർ ആനന്ദ് ഗ്രോവർ, ഭാര്യ ഇന്ദിര ജയ്‌സിംഗ് എന്നിവരുടെ ഓഫീസുകൾ സിബിഐ റെയ്ഡ് ചെയ്തു.

വ്യാഴാഴ്ച്ച രാവിലെ 5 മണിക്കാരംഭിച്ച റെയ്‌ഡ്‌ ഉച്ചവരെ നീണ്ടു. നേരത്തെ സിബിഐ ആനന്ദ് ഗ്രോവറിനെതിരെ വിദേശ സഹായ നിയമ വ്യവസ്ഥകളുടെ ലംഘനം ആരോപിച്ച് പ്രഥമ വിവര റിപ്പോർട്ട് കോടതിയിൽ ഫയൽ ചെയ്തിരുന്നു.

ഇന്ദിരാ ജയ്‌സിംഗിന്റെ പേര് അതിൽ പരാമർശിച്ചിരുന്നില്ലെങ്കിലും നിയമലംഘനത്തിൽ അവർക്കും പങ്കുണ്ടെന്ന നിലപാടിലാണ് സിബിഐ.

തങ്ങളുടെ മനുഷ്യാവകാശപ്രവർത്തനങ്ങൾ കാരണമാണ് തങ്ങൾക്കെതിരെ സിബിഐയെ കേന്ദ്ര സർക്കാർ അഴിച്ചുവിട്ടിരിക്കുന്നതെന്ന് ബിജെപി സർക്കാരിന്റെ കടുത്ത വിമർശകയായ  ഇന്ദിരാ ജയ്‌സിംഗ് പ്രതികരിച്ചു.