പ്രധാനമന്ത്രി ആരെയും വകവയ്ക്കില്ല, എല്ലാ അറിവും ഉണ്ടെന്നാണ്‌ അദ്ദേഹം കരുതുന്നത്: രാഹുൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലെ വിദഗ്ധരെയൊന്നും മാനിക്കുന്നില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രി ആരെയും വകവയ്ക്കില്ല. എല്ലാ അറിവും തനിക്കുണ്ടെന്നാണ് അദ്ദേഹം കരുതുന്നത്. ഒരു സ്ഥാപനം അറിവുകളുടെ സംഭരണിയാണ്. സുപ്രീംകോടതി, റിസർവ് ബാങ്ക്, തിരഞ്ഞെടുപ്പ് കമ്മിഷൻ എന്നിവയ്ക്കെല്ലാം മറ്റാർക്കുമില്ലാത്ത അറിവുകളുണ്ട്. അവയ്ക്ക് ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള സ്ഥലം നൽകുകയാണു പ്രധാനമന്ത്രി ചെയ്യേണ്ടത്– ഒരു വിദേശ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ രാഹുൽ പറഞ്ഞു.

ഇത്തരം സ്ഥാപനങ്ങൾ ഇന്ത്യയുടെ സ്വത്തുക്കളാണ്. അല്ലാതെ ബാധ്യതകളല്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരാജയപ്പെടുത്തുകയെന്നതാണു ആദ്യ ലക്ഷ്യം. പല സംസ്ഥാനങ്ങളിലും ഞങ്ങൾ അതി ശക്തരാണ്. ബിജെപിക്കെതിരെ ശക്തമായ വെല്ലുവിളിയും ഉയർത്തുന്നു. മഹാരാഷ്ട്ര, ജാർഖണ്ഡ്, തമിഴ്നാട്, ബിഹാർ സംസ്ഥാനങ്ങളിൽ സഖ്യസാധ്യതകളുണ്ട്. ഉത്തർപ്രദേശിലും കോൺഗ്രസിന് പല കാര്യങ്ങളും ചെയ്യാൻ സാധിക്കും. യുപിയിലെ പാർട്ടിയുടെ പ്രകടനത്തിൽ ആത്മവിശ്വാസമുണ്ടെന്നും രാഹുൽ അവകാശപ്പെട്ടു.