പ്രധാനമന്ത്രിയായി 5 വര്‍ഷത്തിന് ശേഷം പത്രസമ്മേളനം; റെക്കോര്‍ഡിട്ട് മോദി

ന്യൂഡല്‍ഹി: രാജ്യത്തെ അവസാനഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളെ കാണുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും അദ്ദേഹത്തിനൊപ്പമുണ്ട്. പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് മോദി പത്രസമ്മേളനത്തിനെത്തുന്നത്‌.

അമിത് ഷാ വാർത്താ സമ്മേളനം നടത്തുമെന്നാണ് ആദ്യം വ്യക്തമാക്കിയിരുന്നത്. പിന്നീട് അപ്രതീക്ഷിതമായി നരേന്ദ്രമോദി കൂടി വാർത്താ സമ്മേളനത്തിനെത്തുകയായിരുന്നു. ഭരണനേട്ടം എണ്ണിപ്പറഞ്ഞാണ് അമിത് ഷാ വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നത്. സാധാരണക്കാരന്‍റെ ജീവിതനിലവാരം മോദിയുടെ ഭരണകാലത്ത് ഉയർന്നെന്നും, വികസനം വർദ്ധിച്ചെന്നും, എല്ലാ ആറ് മാസത്തിലും ഒരോ പുതിയ പദ്ധതികൾ കൊണ്ടുവന്നെന്നും അമിത് ഷാ അവകാശപ്പെട്ടു. 

വൻഭൂരിപക്ഷത്തോടെ, മൂന്ന് പതിറ്റാണ്ടിന് ശേഷം ഒറ്റയ്ക്ക് ഭരണം പിടിക്കാൻ കഴിഞ്ഞ ബിജെപി സർക്കാർ എല്ലാ വാഗ്ദാനങ്ങളും പാലിച്ചെന്ന് അമിത് ഷാ അവകാശപ്പെട്ടു. കൃഷിക്കാർ മുതൽ, മധ്യവർഗക്കാർ വരെയുള്ളവർക്കായി പദ്ധതികൾ കൊണ്ടുവന്നു. ആയുഷ്മാൻഭാരത്, ജൻധൻയോജന എന്നിവ നേട്ടങ്ങളാണെന്നും അമിത് ഷാ എണ്ണിപ്പറയുന്നു.