പ്രത്യാക്രമണം ശക്തമാക്കി സൈന്യം; രണ്ടാമത്തെ ഭീകരനെയും കൊലപ്പെടുത്തി

ശ്രീനഗര്‍: കരണ്‍ നഗറിലെ സിആര്‍പിഎഫ് കേന്ദ്രത്തില്‍ ഭീകരാക്രമണം നടത്തിയ രണ്ടാമത്തെ ഭീകരനെയും സൈന്യം വധിച്ചു. മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഭീകരനെ വെടിവെച്ച് കൊന്നത്. ഇനി ഒരാള്‍ ക്യാമ്പിന് സമീപത്തെ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് വിവരം. ഇതേത്തുടര്‍ന്ന് സിആര്‍പിഎഫും കശ്മീര്‍ പൊലീസും സംയുക്തമായി ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

കരണ്‍ നഗറിലുള്ള സിആര്‍പിഎഫ് 23-ാം ബറ്റാലിയന്റെ ക്യാമ്പില്‍ തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് ഭീകരര്‍ നുഴഞ്ഞു കയറിയത്. ഏറ്റുമുട്ടലില്‍ ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു.

ശ്രീ മഹാരാജ ഹരിസിങ് ആശുപത്രിയടക്കം ശ്രീനഗറിലെ ഒട്ടേറെ പ്രധാന സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന മേഖലയാണ് കരണ്‍നഗര്‍. ക്യാമ്പിനടുത്തായി ഒട്ടേറെ ജനവാസ കേന്ദ്രങ്ങളുമുണ്ട്. ഏറ്റുമുട്ടലിനിടെ ഇവിടെ നിന്ന് ജനങ്ങളെ സുരക്ഷാസേന ഒഴിപ്പിച്ചു.