പ്രതിമ നിര്‍മ്മാണം: സുപ്രീം കോടതിയുടെ നിരീക്ഷണത്തെ മാധ്യമങ്ങള്‍ വളച്ചൊടിക്കരുതെന്ന് മായാവതി

ലക്‌നൗ: സുപ്രീം കോടതിയുടെ നിരീക്ഷണത്തെ മാധ്യമങ്ങള്‍ വളച്ചൊടിക്കരുതെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. ഉത്തര്‍പ്രദേശില്‍ പ്രതിമ നിര്‍മ്മിക്കുന്നതിനായി പൊതുഖജനാവില്‍ നിന്നെടുത്ത പണം തിരിച്ചടക്കേണ്ടി വരുമെന്ന് പറഞ്ഞ കോടതി നിരീക്ഷണത്തെ മാധ്യമങ്ങള്‍ വളച്ചൊടിക്കരുതെന്ന് മായാവതി പറഞ്ഞു.

‘ബഹുമാനപ്പെട്ട കോടതിയുടെ നിരീക്ഷണം മാധ്യമങ്ങള്‍ വളച്ചൊടിക്കരുത്. മാധ്യമങ്ങളും ബി.ജെ.പിയും ഈ പട്ടം പറത്തല്‍ അവസാനിപ്പിക്കൂ.’ മായാവതി ട്വിറ്ററില്‍ കുറിച്ചു.

സര്‍ക്കാര്‍ പണം ഉപയോഗിച്ച്‌ നോയിഡയിലും ലഖ്നൗവിലും മായാവതിയുടെയും ബി.എസ്.പി ചിഹ്നമായ ആനയുടെയും പ്രതിമ നിര്‍മിച്ചതിന് എതിരായ കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം. പ്രതിമ സ്ഥാപിക്കാന്‍ പൊതു പണം ഉപയോഗിച്ചത് ചോദ്യം ചെയ്ത് അഭിഭാഷകനായ രവി കാന്താണ് ഹര്‍ജി നല്‍കിയത്.

2016 ലാണ് ഉത്തര്‍പ്രദേശില്‍ 52 കോടി രൂപ ചെലവഴിച്ച്‌ സ്വന്തം പ്രതിമ ഉള്‍പ്പെടെ 40 ഓളം പ്രതിമകള്‍ മായാവതി സ്ഥാപിച്ചത്.