പ്രണയദിനത്തില്‍ ലോ കോളേജ് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച റാലിയില്‍ സംഘര്‍ഷം

കൊച്ചി: പ്രണയദിനത്തില്‍ എറണാകുളം ലോ കോളേജിലെ വിദ്യാര്‍ത്ഥികള്‍ സെന്റ് തെരേസാസ് കോളേജിലേക്ക് സംഘടിപ്പിച്ച റാലിയില്‍ സംഘര്‍ഷം. പ്രണയദിനത്തെ തുടര്‍ന്നുണ്ടായ ആഘോഷങ്ങളുടെ ഭാഗമായാണ് ലോ കോളേജിലെ വിദ്യാര്‍ത്ഥികള്‍ സെന്റ് തെരേസാസിലേക്ക് റാലി സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ കോളേജ് പ്രിന്‍സിപ്പാള്‍ അനുവാദമില്ലാതെ വിദ്യാര്‍ത്ഥികള്‍ റാലി സംഘടിപ്പിച്ചതിനെ തുടര്‍ന്ന് പൊലീസിനെ വിളിച്ച് വരുത്തുകയായിരുന്നു.

പൊലീസ് തടഞ്ഞതോടെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയും പ്രിന്‍സിപ്പാളിനെ തടഞ്ഞ് വയ്ക്കുകയും ചെയ്തു. കോളേജിനുള്ളില്‍ കയറി പൊലീസ് തങ്ങളെ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. തുടര്‍ന്ന് പൊലീസും വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും പൊലീസിനെതിരെ മുദ്യാവാക്യം വിളിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തുകയും ചെയ്തു.

അതേസമയം, കോളേജിലെ സദാചാര ഗുണ്ടായിസത്തിനെതിരെയാണ് റാലി സംഘടിപ്പിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ലോക്കോസ് എന്ന വിദ്യാര്‍ത്ഥി കൂട്ടായ്മ സംഘടിപ്പിച്ച റാലി റിപ്പോര്‍ട്ട് ചെയ്യാന്‍ ഫ്രാന്‍സില്‍ നിന്നെത്തിയ മാധ്യമ സംഘത്തെ മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു..