പ്രഗ്യാസിങ് താക്കൂറിനെ പരിഹസിച്ച്‌ അസദുദ്ദീന്‍ ഉവൈസി

ഹൈദരാബാദ്: ബി.ജെ.പി സ്ഥാനാര്‍ഥി പ്രഗ്യാസിങ് താക്കൂറിനെ പരിഹസിച്ച്‌ എ.ഐ.എം.ഐ.എം നേതാവും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീന്‍ ഉവൈസി. ബി.ജെ.പിക്ക് ആരോഗ്യമന്ത്രിയാക്കാന്‍ പറ്റിയ സ്ഥാനാര്‍ഥിയെ ലഭിച്ചിരിക്കുന്നുവെന്ന് ഉവൈസി ട്വീറ്റ് ചെയ്തു.

‘ബി.ജെ.പി അവരുടെ ആരോഗ്യ മന്ത്രാലയത്തിലേക്കുള്ള സ്ഥാനാര്‍ഥിയെ കണ്ടെത്തിയിരിക്കുന്നു. അതുകൂടാതെ ശാസ്ത്ര സാങ്കേതിക വകുപ്പ് കൂടി ഏല്‍പ്പിക്കാം. നിര്‍ഭാഗ്യവശാല്‍ മുന്‍ പ്രധാനമന്ത്രിയാകാന്‍ പോകുന്ന നരേന്ദ്ര മോദിക്ക് അത് കാണാന്‍ അവസരം ലഭിക്കില്ല” എന്നാണ് ഉവൈസിയുടെ ട്വീറ്റ്.

ഗോമൂത്രം തന്റെ ക്യാന്‍സര്‍ മാറ്റിയെന്ന ഭോപ്പാല്‍ ലോക്സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി പ്രഗ്യാ സിങ് താക്കൂറിന്‍റെ അവകാശവാദത്തെയാണ് ഉവൈസി ട്രോളിയത്. താന്‍ സ്തനാര്‍ബുദബാധിതയായിരുന്നു. ചാണകവും ഗോമൂത്രവും പാലും നെയ്യും തൈരും അടങ്ങിയ പഞ്ചഗവ്യ ഔഷധമാണ് തന്‍റെ രോഗം മാറ്റിയതെന്നാണ് പ്രഗ്യ സിങ് പറഞ്ഞത്. പശുവിനെ ദിവസവും തലോടിയാല്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സാധിക്കുമെന്നും പ്രഗ്യ സിങ് പറയുകയുണ്ടായി.