പ്രക്ഷോഭം നയിച്ചതിന്‌ അന്ന് പി.രാജീവിനെ അറസ്റ്റ് ചെയ്തു; ഇന്ന് പിന്തുണയര്‍പ്പിച്ച്‌ തിരഞ്ഞെടുപ്പ്‌ കണ്‍വെന്‍ഷനില്‍, സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടി പൊലീസുകാരന്‍

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പി.രാജീവിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത ഒരു വ്യക്തിയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിദ്യാര്‍ത്ഥി നേതാവായിരിക്കെ രാജീവിനെ അറസ്റ്റ് ചെയ്തുകൊണ്ടുപോയ പൊലീസ് ഉദ്യോഗസ്ഥന്‍ മാര്‍ട്ടിന്‍ കെ മാത്യുവാണ് ആ വ്യക്തി.

1994ല്‍ വിദ്യാര്‍ത്ഥി സമരത്തില്‍ പങ്കെടുക്കുന്നതിനിടെ പി രാജീവിനെ അറസ്റ്റ് ചെയ്തുകൊണ്ടുപോയ മാര്‍ട്ടിന്‍ കെ മാത്യു കാല്‍ നൂറ്റാണ്ടിന് ശേഷം അതേ നേതാവിന്‌ പിന്തുണയര്‍പ്പിച്ച്‌ ചടങ്ങിനെത്തുകയായിരുന്നു. അഡ്വക്കേറ്റ് സി എം നാസറാണ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയ മുന്‍ എസ്‌പിയുടെ ചിത്രം പകര്‍ത്തിയത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള സംഭവം ഇങ്ങനെ:

കൂത്ത് പറമ്പ് വെടിവെപ്പിനെ തുടര്‍ന്ന് ഭരണകൂടത്തിനെതിരെ വിദ്യാര്‍ത്ഥികളും യുവാക്കളും രംഗത്തിറങ്ങിയ 1994 ലെ പ്രതിഷേധ സമരം ശക്തമായ ദിവസങ്ങള്‍. ഇതിനിടെ കൊച്ചി എം ജി റോഡിലുള്ള അബാദ് പ്ലാസയില്‍ ഡോക്ടര്‍മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍ എത്തുന്നു. കരുണാകരനെ തടയാന്‍ എത്തിയത് പി രാജീവിന്‍റെ നേതൃത്വത്തിലുള്ള എസ്എഫ്ഐ പ്രവര്‍ത്തകര്‍. 

വൈകിയെത്തിയ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനായി വാഹനത്തിന് നേരെ ഓടിയ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ക്രൂരമായി ലാത്തിവീശി. വിദ്യാര്‍ത്ഥികള്‍ പലവഴി ചിതറിയോടി. എന്നിട്ടും രാജീവും മറ്റ് മൂന്ന് വിദ്യാര്‍ത്ഥികളും കാറിനുള്ളില്‍ കടന്ന് കരിങ്കൊടി കാണിച്ച് മുദ്രാവാക്യം വിളിച്ചു. 

രാജീവിനെയും സംഘത്തെയും കാറില്‍ നിന്ന് വലിച്ചിഴച്ച പൊലീസ്, വിദ്യാര്‍ത്ഥികളുടെ വസ്ത്രങ്ങള്‍ വലിച്ച് കീറി. ഒടുവില്‍ അറസ്റ്റ് ചെയ്ത് നീക്കുമ്പോള്‍ കീറിയ വസ്ത്രങ്ങള്‍ വാരിപ്പൊത്തിയ രാജീവിനെ ഒരു പൊലീസുകാരന്‍ ജീപ്പിലേക്ക് വലിച്ചുകയറ്റുന്ന ഒരു ചിത്രം ചരിത്രത്തിന്‍റെ കൈയൊപ്പ് പതിഞ്ഞ് പിറ്റേദിവസത്തെ പത്രങ്ങളുടെ ഒന്നാം പേജില്‍ അച്ചടിച്ച് വന്നു.