പോർവിമാനങ്ങളുടെ പ്രഹരപരിധി

ഋഷി ദാസ്. എസ്സ്.

ഒരു പോർവിമാനത്തിന്റെ പ്രാധാന്യമേറിയ ഒരു ഘടകമാണ് അതിന്റെ കോംബാറ്റ് റേഞ്ച് (Combat Range ). പരമാവധി ആയുധങ്ങളും വഹിച്ചുകൊണ്ട് , പരമാവധി ഇന്ധനവും നിറച്ചുകൊണ്ട് ഒരു പോർവിമാനത്തിനു പറക്കാവുന്ന പരമാവധി ദൂരമാണ് അതിന്റെ കോംബാറ്റ് റേൻജ് .

ആധുനിക പോർവിമാനങ്ങളുടെ പരമാവധി പറക്കൽ ഭാരത്തിന്റെ (maximum take off weight ) മൂന്നിലൊന്നിലധികം ഇന്ധന ഭാരവും മറ്റൊരു മൂന്നിലൊന്നു ആയുധങ്ങളുടെ ഭാരവും അവശേഷിക്കുന്ന മൂന്നിലൊന്നു പോർവിമാനത്തിന്റെ സ്ട്രക്ടറൽ ഭാരവുമായിരിക്കും . ഒരു എകദേശ കണക്കാണിത് . ആകാശത്തു വച്ച് ഇന്ധനം നിറച്ചും ബാഹ്യമായ ഇന്ധന ടാങ്കുകളിൽ ഇന്ധനം നിറച്ചും പോർവിമാനങ്ങളുടെ പരിധി കൂട്ടാം . പക്ഷെ അത്തരം രീതികൾക്ക് പരിമിതികളുമുണ്ട് . ബാഹ്യ ടാങ്കുകളിൽ ഇന്ധനം നിറച്ചാൽ ആയുധങ്ങളുടെ എണ്ണം കുറക്കേണ്ടി വരും . ആകാശത്തു വച്ച് ഇന്ധനം നിറക്കുക വളരെ ചെലവേറിയതാണ് . അതിനാൽ തന്നെ ഈ രണ്ടു രീതികളും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ ഉപയോഗിക്കാറുള്ളു.

പോർവിമാനം ലക്ഷ്യത്തിലേക്ക് എങ്ങിനെയാണ് പറക്കുന്നത് എന്നതും പറക്കൽ പരിധിയെ ബാധിക്കും . റഡാറുകളെ വെട്ടിക്കാൻ വേണ്ടി താഴ്ന്നു പറക്കുന്നത് ഇന്ധനം വേഗം ഉപയോഗിക്കപ്പെടും . പറക്കലിനിടക്ക് സൂപ്പർ സോണിക് വേഗത ആർജിച്ചാലും ഇന്ധനം വേഗത്തിൽ ഉപയോഗിക്കപ്പെടും . ചുരുക്കത്തിൽ ഒരു പോർവിമാനത്തിന്റെ പ്രായോഗികമായ പ്രഹര പരിധി ഒരുപാട് കാര്യങ്ങളെ ആശ്രയിച്ചിരിക്കും .

 

എന്നാലും പൊതുവിൽ അംഗീകരിക്കപ്പെട്ട തത്വങ്ങൾ പ്രകാരം പോർവിമാനങ്ങൾ ലോങ്ങ് റേൻജ് ഫയിറ്ററുകൾ , എന്നും മീഡിയം റേൻജ് ഫയിറ്ററുകൾ എന്നും പോയിന്റ് ഡിഫെൻസ് ( ഷോർട് റേൻജ് )ഫയിറ്ററുകൾ എന്നും ചില വിദഗ്ധർ വേർതിരിച്ചു കാണാറുണ്ട് . സുഖോയ് 30 , F -15 , F -22 , മിഗ് -31 എന്നിവയാണ് നിലവിലുള്ള ലോങ്ങ് റേൻജ് ഫയിറ്ററുകൾ. ഇവയുടെ കോംബാറ്റ് റേൻജ് സാധാരണയായി 1500 കിലോമീറ്റർ വരെയാണെന്ന് കണക്കാക്കപ്പെടുന്നു . തീരെ താഴ്ന്നു പറക്കുകയോ , സൂപ്പർ സോണിക്ക് വേഗതയിൽ പറക്കുകയോ ചെയ്‌താൽ റേഞ്ചിൽ കാര്യമായ കുറവ് വരും .

മീഡിയം റേൻജ് ഫയിറ്ററുകൾക്ക് ഉദാഹരണം മിഗ്-29 ,റഫാൽ, യൂറോഫായ്‌റ്റെർ , F -16 , മിറാജ് -2000 തുടങ്ങിയവയാണ് . ഇവയുടെ പ്രഹര പരിധി ഏകദേശം 1000 കിലോമീറ്ററിനടുത്താണ്. ആയുധങ്ങളുടെ ഭാരം കുറച്ചുകൊണ്ട് കൂടുതൽ ഇന്ധനം വഹിച്ചാൽ ഇവക്കും പ്രഹര പരിധി വർദ്ധിപ്പിക്കാം .

ലഘു പോർവിമാനങ്ങളുടെ ( ഷോർട്ട് റേൻജ് ഫയിറ്ററുകൾ) പ്രഹര പരിധി 400 മുതൽ 700 കിലോമീറ്റർ വരെയാണ് . നമ്മുടെ തന്നെ തേജസ് , സ്വീഡന്റെ ഗ്രിപ്പൻ , മിഗ്-21 തുടങ്ങിയവയാണ് ചില പ്രമുഖ ലഘു പോർവിമാനങ്ങൾ .

ഒരായുധവും വഹിക്കാതെ ഏറ്റവുമധികം ഇന്ധനം വഹിച്ചുകൊണ്ട് ഒരു പോർവിമാനത്തിനു പറക്കാവുന്ന ഏറ്റവും കൂടിയ ദൂരമാണ് ഫെറി റേൻജ് (ferry range). സാധാരണയായി കോംബാറ്റ് റേൻജിന്റെ മൂന്നിരട്ടിവരെയാകും ഫെറി റേൻജ്.