പോസ്റ്റല്‍ ബാലറ്റ് തിരിമറി:സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ്‌

കൊച്ചി: പൊലീസ് പോസ്റ്റല്‍ ബാലറ്റ് തിരിമറിയില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. തിരഞ്ഞെടുപ്പു കമ്മിഷനും ഹൈക്കോടതി നോട്ടിസ് അയച്ചു. വെള്ളിയാഴ്ചയ്ക്കകം മറുപടി നല്‍കണം.  പ്രതിപക്ഷനേതാവിന്റെ ഹര്‍ജിയിലാണ് നടപടി. ഹര്‍ജി 20ന് വീണ്ടും പരിഗണിക്കും.

ഇടത് അനുകൂല പൊലിസ് അസോസിയേഷന്റെ നേതൃത്വത്തിൽ  പോസ്റ്റൽ വോട്ടുകളിൽ അട്ടിമറി നടന്നതായാണ് പ്രതിപക്ഷ നേതാവിന്റെ ഹര്‍ജിയിലെ ആരോപണം.  പൊലീസ് ഉദ്യോഗസ്ഥർ ചെയ്ത മുഴുവൻ പോസ്റ്റൽ വോട്ടുകളും പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി.

ആരോപണത്തെ സംബന്ധിച്ച് എ.ഡി.ജി.പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വതന്ത്ര കമ്മീഷനെ വച്ച് അന്വേഷണം നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകണമെന്നും അട്ടിമറിക്ക് കൂട്ടുനിന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.