പോലീസ് പണം തട്ടിയെടുത്തു; ഫാദര്‍ ആന്‍റണി മാടശ്ശേരിയുടെ പരാതിയില്‍ കേസെടുത്തു

ജലന്ധര്‍: പഞ്ചാബ് പോലീസ് പണം തട്ടിയെടുത്തെന്ന ഫാദര്‍ ആന്‍റണി മാടശ്ശേരിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ഖന്ന സ്റ്റേഷനിലെ 2 എ എസ് ഐ മാര്‍ക്കെതിരെയും പൊലീസിന് രഹസ്യ വിവരം നല്‍കിയ സ്വകാര്യ വ്യക്തിക്ക് എതിരെയും ആണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

മൊഹാലി ക്രൈംബ്രാഞ്ച് പോലീസ് സ്റ്റേഷന്‍ കീഴിലാണ് എഫ്‌ഐആര്‍ എടുത്തിരിക്കുന്നത്. പഞ്ചാബ് പോലീസ് പണം പിടിച്ചെടുത്തത് ഹൈവേയിലെ വാഹന പരിശോധനയില്‍ അല്ലെന്നും ഫാദര്‍ മാടശ്ശേരിയുടെ താമസസ്ഥലത്തു നടത്തിയ റെയ്ഡില്‍ ആണെന്നും ഐജിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഫാ മാടശ്ശേരിയുടെ പരാതിയില്‍ അന്വേഷണം നടത്തിയ ഐ ജി പികെ സിന്‍ഹയുടെ ശുപാര്‍ശയിലാണ് നടപടി. കേസില്‍ അവ്യക്തത ഉള്ളതിനാല്‍ കൂടുതല്‍ വിശദമായ അന്വേഷണം വേണമെന്നും ഐജി ഡിജിപിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

നേരത്തെ ജലന്ധറിലും ഖന്ന പോലീസ് സ്റ്റേഷനിലുമെത്തിയ ഐജി തെളിവെടുപ്പ് നടത്തിയിരുന്നു. താമസസ്ഥലത്ത് അതിക്രമിച്ചുകടന്ന പോലീസ് 16 കോടി 65 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് ഫാദര്‍ ആന്‍റണി ഐ ജി ക്ക് മൊഴി നല്‍കിയിരുന്നത്.

6 കോടി 66 ലക്ഷം തട്ടിയെടുത്ത പോലീസ് ഒന്‍പത് കോടി 66 ലക്ഷം രൂപ മാത്രമേ ആദായനികുതി വകുപ്പിന് കൈമാറിയുള്ളൂ എന്നും ഫാദര്‍ ആന്‍റണി പരാതിപ്പെട്ടിരുന്നു.ഫാ മാടശ്ശേരിയില്‍ നിന്നും പിടിച്ചെടുത്ത 9 കോടി 66 ലക്ഷം രൂപയുടെ ഉറവിടം കണ്ടെത്താന്‍ ആദായ നികുതി വകുപ്പു രേഖകളുടെ പരിശോധന തുടരുന്നു.