
എറണാകുളം : ശ്രീറാം വെങ്കട്ടരാമന്റെ ജാമ്യം ഹൈക്കോടതി ശരിവച്ചു. ശ്രീറാം ഐ എ എസിന്റെ കാറിടിച്ച് മാധ്യമ പ്രവര്ത്തകന് കെ.എം. ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് ജാമ്യം. സര്‍ക്കാര്‍ നല്കിയ അപ്പീലില്‍ സര്‍ക്കാരിന്റെ മുഴുവന്‍ വാദങ്ങളും തള്ളിക്കൊണ്ട് ജസ്റ്റീസ് രാജാ വിജയരാഘവനാണ് ജാമ്യം ശരിവച്ചത്.
കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് രാത്രിയിലാണ് ശ്രീറാം ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്ത്തകന് കെ.എം. ബഷീര്‍ മരിച്ചത്. തുടര്‍ന്ന് അറസ്റ്റിലായ ശ്രീറാമിന് ചൊവ്വാഴ്ച തിരുവനന്തപുരം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ജാമ്യം നല്കി. ഇതിനെതിരായാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.
അപകടം നടന്നയുടന്‍ ആശുപത്രിയിലെത്തിച്ച ശ്രീറാമിന്റെ രക്തസാമ്പിള്‍ ശേഖരിക്കാന്‍ എന്തായിരുന്നു തടസമെന്നും അപകടം നടന്നശേഷം ശ്രീറാം ആശുപത്രിയില്‍ എത്തിയ അവസരത്തില്‍ നിമിഷനേരം കൊണ്ട് പരിശോധന നടത്താനാവുമായിരുന്നില്ലേയെന്നും ഹര്‍ജി പരിഗണിക്കവെ കോടതി ചോദിച്ചിരുന്നു.
15 മിനിറ്റിനകം നടത്തേണ്ട രക്തപരിശോധന പത്തു മണിക്കൂര്‍ കഴിഞ്ഞ് നടത്തിയിട്ടെന്തു കാര്യമാണുള്ളത്. ഗവര്‍ണര്‍ ഉള്‍പ്പെടെ താമസിക്കുന്ന പ്രധാന മേഖലയില്‍ സിസിടിവി ദൃശ്യങ്ങളില്ലേ എന്നിങ്ങനെ കോടതി ചോദിച്ചു.
എന്നാല്‍ കേസിലെ അന്വേഷണം പൂര്‍ത്തിയായിവരുന്നതായും വസ്തുതകള്‍ കണക്കിലെടുക്കാതെയാണ് മജിസ്ട്രേറ്റ് കോടതി ജാമ്യം നല്‍കിയതെന്നും സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി വാദിച്ചു.
കാറോടിച്ചത് ശ്രീറാമാണെന്ന് കാറിലുണ്ടായിരുന്ന വഫ മജിസ്ട്രേട്ട് മുന്‍പാകെ മൊഴി നല്‍കിയിട്ടുണ്ടെന്നും കേസിന്റെ ഗൗരവം കണക്കിലെടുക്കാതെയാണ് മജിസ്ട്രേറ്റ് തീരുമാനം എടുത്തതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
അപകടം നടന്നതു മുതല്‍ക്ക് ശ്രീറാമിനെ രക്ഷിക്കാന്‍ നിരവധി അട്ടിമറികള്‍ നടന്നിരുന്നു. പരിശോധനയ്ക്കായി രക്തമെടുത്തത് വൈകിയാണെന്നും മദ്യം മണക്കുന്നുവെന്ന് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ കുറിച്ചതുമുള്പ്പെടെയുള്ള കാര്യങ്ങള്‍ കോടതിയില്‍ അവതരിപ്പിക്കാന്‍ പ്രോസിക്യൂഷനായില്ല.
അപകടത്തിനു ശേഷം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച ശ്രീറാമിന്റെ രക്തപരിശോധന നടത്തുന്നതിന് പോലീസ് ആവശ്യപ്പെട്ടില്ല. എന്നാല്‍ ശ്രീറാമിനെ പരിശോധിച്ച ഡോക്ടറാകട്ടെ മദ്യം മണിക്കുന്നുവെന്ന കുറിപ്പെഴുതുകയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു. സ്വകാര്യ ആശുപത്രിയിലേക്കാണു ശ്രീറാം പോയത്. അപകടം നടന്ന് ആറു മണിക്കൂറിന് ശേഷമാണ് പോലീസ് എഫ്ഐആര്‍ തയാറാക്കിയത്.
എഫ്ഐആറില്‍ വാഹനം ഓടിച്ചിരുന്നവരെക്കുറിച്ചു പോലും രേഖപ്പെടുത്തിയിരുന്നില്ല. ആദ്യം 304 എ പ്രകാരം മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. പിന്നീട് വകുപ്പ് 304 ആക്കി. ഒപ്പം മോട്ടോര്‍ വാഹന നിയമത്തിലെ വകുപ്പുകളും ഉള്‍പ്പെടുത്തി.