പോരാട്ടവീര്യം അവസാനിച്ചതോടെ വിഎസ് അപ്രസക്തനായി, സിപിഎമ്മില്‍ നടക്കുന്നത് തെറ്റുകള്‍ തമ്മിലുള്ള തര്‍ക്കം: കെ.എം.ഷാജഹാന്‍

എം.മനോജ്‌കുമാര്‍ 

തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദന്‍ സിപിഎമ്മില്‍ തീര്‍ത്തും അപ്രസക്തനായി മാറി എന്ന് സിപിഎം സമ്മേളനങ്ങളെ ചൂണ്ടിക്കാട്ടി കെ.ഷാജഹാന്‍. വിഎസ് തിളങ്ങിനിന്നിരുന്ന കാലത്ത് അദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്നു ഷാജഹാന്‍.

പോരാട്ട വീര്യമാണ് വിഎസിനെ നിലനിര്‍ത്തിയത്. പോരാട്ടം അവസാനിച്ചതോടെ വിഎസ് അപ്രസക്തനായി. ആ അപ്രസക്തതയാണ് ഇപ്പോള്‍ കാണുന്നത്. കഴിഞ്ഞ സംസ്ഥാന സമ്മേളനം നടന്നപ്പോള്‍ തന്നെ വിഎസ് അപ്രസക്തനായെന്ന് വ്യക്തമായിരുന്നു-ഷാജഹാന്‍ 24 കേരളയോട് പറഞ്ഞു.

സിപിഎമ്മില്‍ വിഎസ് എന്ന ഘടകം ഇല്ലാതായിട്ട് കാലങ്ങളായി. ഉള്‍പ്പാര്‍ട്ടി സമരം നയിച്ചപ്പോള്‍ വിഎസിന് സിപിഎമ്മില്‍ ഒരു ഇടമുണ്ടായിരുന്നു. ആ സമരം അവസാനിപ്പിച്ച് അദ്ദേഹവും അധികാരത്തിന് പിറകെ പോയതോടെ വിഎസിന്റെ പ്രാധാന്യം പാര്‍ട്ടിയില്‍ കുറഞ്ഞു.

സമകാലിക സംഭവങ്ങളില്‍ ഒരു അര പ്രസ്താവന പോലും വിഎസ് ഇപ്പോള്‍ നടത്താറില്ല. അതുകൊണ്ടുതന്നെ വിഎസിന്റെ തിരോധാനത്തില്‍ അത്ഭുതമില്ല. ഭരണപരിഷ്ക്കാര കമ്മിഷന്‍ ചെയര്‍മാന്‍ ആയി വന്നത് തന്നെ വിഎസ് തന്റെ രീതികളില്‍ ഒത്തുതീര്‍പ്പിന് തയ്യാറായതോടെയാണ്. ആ ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ് ഭരണവുമായി സമരസപ്പെട്ട് സഖാവ് മുന്നോട്ട് നീങ്ങിയത് – ഷാജഹാന്‍ പറഞ്ഞു.

ശ്രദ്ധിച്ചാല്‍ മനസിലാകും. കേരളത്തിന്റെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഇപ്പോള്‍
വിഎസ് ഇല്ല. പാര്‍ട്ടിയില്‍ അംഗീകരിക്കപ്പെടുന്നില്ല എന്ന് പറയുമ്പോള്‍ തന്നെ അതിനുവേണ്ടി അദ്ദേഹം ഒന്നും ചെയ്യുന്നില്ല എന്നുകൂടി നാം കാണണം. ഉള്‍പ്പാര്‍ട്ടി സമരത്തില്‍ ഏര്‍പ്പെട്ടിരുന്ന കാലത്ത് പോലും വിഎസിന് സംഘടനയില്‍ സ്വാധീനമുണ്ടായിരുന്നില്ല.

എന്നിട്ടും വിഎസ് ഉയര്‍ത്തിക്കൊണ്ടിരുന്ന താത്വികവും രാഷ്രീയവുമായ വിഷയങ്ങള്‍ സിപിഎം സംഘടനാ സംവിധാനത്തെ പിടിച്ചുലച്ചു കൊണ്ടിരുന്നിരുന്നു. ആ അവസരത്തില്‍ വിഎസിന് പാര്‍ട്ടി അണികള്‍ക്കിടയില്‍ ഒരു ഇടമുണ്ടായിരുന്നു. ഇപ്പോള്‍ ആ ഇടം നഷ്ടപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇന്ന് ആ വ്യക്തിത്വത്തിന് കേരളത്തിലെ രാഷ്ട്രീയ സമൂഹത്തില്‍ യാതൊരുതരത്തിലുള്ള ഇടവുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. വിഎസ് ഇടപെടണമെന്ന് അണികള്‍ ആവശ്യപ്പെടുന്നില്ല എന്നതും ശ്രദ്ധേയമാണ് – – ഷാജഹാന്‍ ചൂണ്ടിക്കാട്ടി.

വിഎസ് സജീവമായിരുന്ന കാലത്തുണ്ടായിരുന്ന വിഭാഗീയതയ്ക്ക് ഇന്ന് സിപിഎമ്മില്‍ ഇടമില്ല. എല്ലാവരും ഭരണത്തിന്റെയും അഴിമതിയുടെയും ഭാഗമായി മാറിയിരിക്കുന്നു. ഭരണത്തിന്റെ ശീതളച്ഛായയിലേക്ക് ബഹുഭൂരിപക്ഷം അണികളും മാറിയിട്ടും വിഭാഗീയത ഉണ്ടെങ്കില്‍, അത് രണ്ട്‌ നിക്ഷിപ്ത താത്പര്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം മാത്രമാണ്.

ശരിയും തെറ്റും തമ്മില്‍ സിപിഎമ്മില്‍ തര്‍ക്കമില്ല. ഇപ്പോള്‍ സിപിഎമ്മില്‍ നടക്കുന്ന തര്‍ക്കം മണല്‍ മാഫിയ-പാറമട മാഫിയ തര്‍ക്കമാണ്. പാറമട മാഫിയയും മദ്യമാഫിയയും തമ്മിലുള്ള തര്‍ക്കം. അങ്ങിനെ നിക്ഷിപ്ത താല്പര്യക്കാര്‍ തമ്മിലാണ് തര്‍ക്കം. അപ്പോള്‍ വിഭാഗീയതയ്ക്ക് എവിടെയാണ് ഇടമുള്ളത്? കണ്ണൂരില്‍ പി.ജയരാജനും കോടിയേരിയും തമ്മിലാണ് തര്‍ക്കം. അതും അധികാരത്തിന്റെ പേരില്‍. താല്പര്യങ്ങളുടെ പേരിലാണത്.

തിരുവനന്തപുരത്ത് ആനാവൂര്‍ വിഭാഗവും കടകംപള്ളി വിഭാഗവും തമ്മില്‍ തര്‍ക്കമുണ്ട്. അതും രണ്ട്‌ താല്പര്യങ്ങള്‍ തമ്മിലാണ്. എല്ലാ ജില്ലയിലും ഈ നിക്ഷിപ്ത താല്പര്യങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് നടക്കുന്നത്. ശരിയും തെറ്റും തമ്മിലുള്ള തര്‍ക്കത്തിന്റെ കാലം കഴിഞ്ഞു. ഇപ്പോള്‍ തെറ്റുകള്‍ തമ്മിലുള്ള തര്‍ക്കമാണ് സിപിഎമ്മില്‍ നടക്കുന്നത്.

ആര്‍ക്കാണ് കൂടുതല്‍ ഇടം വേണ്ടത് എന്ന കാര്യത്തിലുള്ള തര്‍ക്കമാണ് നടക്കുന്നത്. ഇത് സിപിഎമ്മിന്റെ അവസാനത്തിന്റെ ആരംഭമാണ്. അവസാനിക്കുന്നതിനു മുന്‍പുള്ള ആളിക്കത്തലാണ് ഇപ്പോള്‍ നടക്കുന്നത്. കോണ്‍ഗ്രസിനെതിരെ ഇപ്പോള്‍ പിണറായി സംസാരിക്കുന്നു. ഇതില്‍ കാര്യമുണ്ടോ? – ഷാജഹാന്‍ ചോദിച്ചു.

542 അംഗങ്ങളുള്ള ലോകസഭയില്‍ ഒന്‍പത് എംപിമാര്‍ മാത്രമാണ് സിപിഎമ്മിനുള്ളത്. കേരളത്തിലും ത്രിപുരയിലും മാത്രമാണ് സിപിഎം അധികാരത്തില്‍ ഉള്ളത്. കോണ്‍ഗ്രസ് വിരോധം സിപിഎം വെച്ചുപുലര്‍ത്തുമ്പോള്‍ അത് ബിജെപിയെ സഹായിക്കുകയാണ്. കാരണം കോണ്‍ഗ്രസിന് എതിരായി ഒരു ബദല്‍ ശക്തി പോലെ സിപിഎമ്മും നിലനില്‍ക്കുന്നു.

ബിജെപിയുടെ ലക്‌ഷ്യം പ്രതിപക്ഷ ഭിന്നിപ്പ് ആണ്. ഈ ലക്ഷ്യത്തെ സഹായിക്കലാണ് നിലവിലെ സിപിഎമ്മിന്റെ കോണ്‍ഗ്രസ് വിരോധം. പ്രകാശ് കാരാട്ട്-പിണറായി സമീപനമാണ് ബിജെപിക്ക് നിലവില്‍ ഏറ്റവും കൂടുതല്‍ ഗുണം നല്‍കുന്നത്. നിലവിലെ രാഷ്ട്രീയം സാമാന്യ ബോധത്തിനും യുക്തിക്കും അപ്പുറത്തേയ്ക്ക്‌ സഞ്ചരിക്കുമ്പോള്‍ പൊതുജനം പരിഹസിക്കുകയും പുച്ഛിക്കുകയും ചെയ്യും.

തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമേ അവര്‍ക്ക് അത് പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കുകയുള്ളൂ. ആ സമയം പൊതുജനം തിരിച്ചടി നല്‍കും. ഗുജറാത്തിലെ കഴിഞ്ഞ തിരഞ്ഞെടുപ്പ് നോക്കൂ. 40 എംഎല്‍എ മാരുമായാണ് കോണ്‍ഗ്രസ് ഗുജറാത്ത് യുദ്ധത്തിന്നിറങ്ങിയത്. അത് ഇപ്പോള്‍ 80 എംഎല്‍എമാരാക്കി അവര്‍ ഉയര്‍ത്തി. ഇത് അവഗണിക്കാന്‍ കഴിയുമോ?

ഗുജറാത്തില്‍ ബിജെപിയ്ക്ക് ബദല്‍ ശക്തിയായി മാറിയ ഇതേ കോണ്‍ഗ്രസിനെയാണ് സിപിഎം എതിര്‍ക്കുന്നത്. പരിഹാസ്യമായ, ജനങ്ങള്‍ പുച്ചിച്ചു തള്ളുന്ന നയസമീപനങ്ങളുമായാണ്‌ സിപിഎം മുന്നോട്ട് പോകുന്നത്. അന്ധമായ കോണ്‍ഗ്രസ് വിരോധവുമായി മുന്നോട്ട് പോകുമ്പോള്‍, വരുന്ന തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ പോലും എത്ര സീറ്റില്‍ സിപിഎമ്മിന് വിജയിക്കാന്‍ കഴിയും എന്ന് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

പാപ്പരായ രാഷ്ട്രീയം, പാപ്പരായ പ്രത്യയശാസ്ത്രം,നിക്ഷിപ്ത താത്പര്യങ്ങള്‍, ജീര്‍ണത
എല്ലാം സിപിഎമ്മില്‍ വന്നുകഴിഞ്ഞു. അതിനര്‍ത്ഥം സിപിഎമ്മിന്റെ വിധി എഴുതിക്കഴിഞ്ഞു എന്നാണ് – ഷാജഹാന്‍ പറഞ്ഞു.