പോരാട്ടം വെറുപ്പും സ്‌നേഹവും തമ്മില്‍, സ്‌നേഹം വിജയിക്കും: രാഹുല്‍

ന്യൂഡല്‍ഹി: വെറുപ്പും സ്നേഹവും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്നും ഇതില്‍ സ്നേഹം വിജയിക്കുമെന്നും വോട്ട് രേഖപ്പെടുത്തിയശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തൊഴിലില്ലായ്മ, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, നോട്ട് നിരോധനം, അഴിമതി എന്നിവയാണ് ഈ തിരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാവിഷയങ്ങളായിരുന്നത് എന്നും രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായിരിക്കും കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ശ്രദ്ധിക്കുക എന്നും രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

ജനങ്ങളാണ് അധിപന്മാര്‍. എത്ര സീറ്റ് കിട്ടും എന്നൊന്നും ഞാന്‍ പറയുന്നില്ല. അത് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. പ്രധാനമന്ത്രി മോദി പ്രചാരണത്തില്‍ വെറുപ്പ് പ്രചരിപ്പിച്ചു. ഞങ്ങള്‍ സ്‌നേഹവും. എനിക്ക് ഉറച്ച വിശ്വാസമുണ്ട്, സ്‌നേഹം ജയിക്കും – രാഹുല്‍ പറഞ്ഞു.

അതേസമയം ആറാം ഘട്ട വോട്ടെടുപ്പിന്റെ ആദ്യ പകുതി പിന്നിടുമ്പോൾ 29 ശതമാനം പോളിങ്. ഏഴു സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളാണ് ജനവിധി കുറിക്കുന്നത്. ബംഗാളിൽ വോട്ടെടുപ്പിന് തൊട്ടുമുൻപ് ഒരു ബിജെപി പ്രവർത്തകനെയും തൃണമൂൽ പ്രവർത്തകനെയും മരിച്ചനിലയിൽ കണ്ടെത്തി.

ഉത്തർപ്രദേശിലെ പതിനാല് സീറ്റിലും ഡൽഹിയിലെയും ഹരിയാനയിലെയും മുഴുവൻ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ത്രിപുരയിലെ നൂറ്റി അറുപത്തി എട്ടും ബംഗാളിലെ രണ്ടും ബൂത്തുകളിൽ റിപ്പോളിങ്ങും നടക്കുന്നുണ്ട്. ബംഗാളിലെ ബംഗുരയിൽ തൃണമൂൽ ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി.

ഗട്ടലിലെ ബിജെപി സ്ഥാനാർഥി ഭാരതി ഘോഷിന്റെ വാഹനവ്യൂഹം  ആക്രമിക്കപ്പെട്ടു. യു.പിയിലെ സുൽത്താൻപുരിൽ കേന്ദ്രമന്ത്രി മനേക ഗാന്ധിയും മഹാസഖ്യ സ്ഥാനാർത്ഥി സോനു സിങ്ങും തമ്മിൽ പോളിങ് ബൂത്തിന് സമീപം വാക്കേറ്റമുണ്ടായി. 

ഹരിയാനയിലെ പഞ്ച്കുലയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായ വാഹന പരിശോധനയ്ക്കിടെ മലയാളി പൊലീസ് ഉദ്യോഗസ്ഥനെ കാർ ഇടിച്ചുതെറിപ്പിച്ചു. തിരുവനന്തപുരം എസ്.എ.പി ക്യാംപിലെ കോൺസ്റ്റബിൾ വിഷ്ണു രാജിനാണ് കാർ തട്ടിത്തെറിപ്പിച്ചത്.