പൊലീസിന് പറ്റിയ വീഴ്ചകളെ വെച്ച് സര്‍ക്കാരിന്റെ പ്രതിച്ഛായ വിലയിരുത്തരുത്; എ.സി മൊയ്തീന്‍


തൃശൂര്‍: എല്‍ഡിഎഫ് മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷം നടക്കാനിരിക്കെ സര്‍ക്കാരിന്റെ പ്രതിച്ഛായയെ പൊലീസിന് പറ്റിയ വീഴ്ചകളെ വെച്ച് വിലയിരുത്തേണ്ടതില്ലെന്ന് മന്ത്രി എ.സി മൊയ്തീന്‍. പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെന്നും വീഴ്ചകളോടുള്ള സര്‍ക്കാരിന്റെ നിലപാട് എന്താണ് എന്നതാണ് വിലയിരുത്തേണ്ടതെന്നും മന്ത്രി പറഞ്ഞു.

എടപ്പാള്‍ സംഭവത്തില്‍ എസ്‌ഐയെ ബലിയാടാക്കാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണ റിപ്പോര്‍ട്ട് വന്ന ശേഷം പരിശോധിക്കാം. നോക്കുകൂലി സാര്‍വത്രികമായി ഇപ്പോള്‍ ഇല്ല. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാവാമെങ്കിലും അത് സംബന്ധിച്ച് പരാതി കിട്ടിയാല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മലബാര്‍ സിമന്റ്‌സ് ഇപ്പോള്‍ ലാഭത്തിലാണെന്നും 23ന് ഡിവിഡന്റ് വിതരണം ചെയ്യാന്‍ പോകുകയാണെന്നും മന്ത്രി പറഞ്ഞു.

സിമന്റിന്റെ മൊത്ത- ചില്ലറ വില്‍പ്പനയ്ക്ക് സഹകരണ സംഘങ്ങളെ വരെ ഉപയോഗപ്പെടുത്തുന്ന കാര്യം ആലോചിക്കുമെന്നും തെക്കന്‍ കേരളത്തിലും മലബാര്‍ സിമന്റിന്റെ വില്‍പ്പന വ്യാപിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായും മന്ത്രി പറഞ്ഞു.