പൊതുമേഖലക്കെതിരായ നീക്കം അനുവദിക്കില്ല; ആലപ്പാട്ടെ സമരത്തെ തള്ളി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: ആലപ്പാട് കരിമണല്‍ ഖനനവുമായി ഉണ്ടായ പ്രശ്‌നങ്ങളില്‍ വ്യവസായ വകുപ്പ് ഇടപെടുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. തീരം സംരക്ഷിച്ച് ഖനനം ചെയ്യുക എന്നതാണ് സര്‍ക്കാര്‍ നയം. അത് പാലിക്കേണ്ടത് ഐആര്‍ഇ യുടെ കടമയാണെന്നും പൊതുമേഖലക്കെതിരായ നീക്കം അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

തന്റെ പേരില്‍ വ്യാജ ശബ്ദരേഖ പ്രചരിപ്പിക്കുന്നത് പ്രശ്‌നത്തെ വഴിതിരിച്ച് വിടാന്‍ വേണ്ടിയാണ്. സ്വകാര്യ വ്യക്തികള്‍ക്ക് ഖനനത്തിന് അനുമതി നല്‍കില്ല. ആലപ്പാട് തീരവും സംരക്ഷിക്കും ഖനനവും നടക്കുമെന്നും മന്ത്രി പറഞ്ഞു.

അതിനിടെ ആലപ്പാട് ഖനനം മൂലം ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കോഴിക്കോട് സ്വദേശി നൗഷാദ് നല്‍കിയ പരാതിയിലാണ് നടപടി. പ്രശ്‌നത്തില്‍ ഇനിയും അധികൃതര്‍ ഇടപെട്ടില്ലെങ്കില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം നടത്താന്‍ സമരസമിതിയും തീരുമാനിച്ചിട്ടുണ്ട്.

അരനൂറ്റാണ്ടിലേറെയായി നടക്കുന്ന ഐആര്‍ഇയുടെ ഖനനം മൂലം നാട് തന്നെ ഇല്ലാതാകുന്ന അവസ്ഥയിലെത്തിയപ്പോഴാണ് ‘സേവ് ആലപ്പാട്’ സംഘടനയുടെ ആഭിമുഖ്യത്തില്‍ സമരം തുടങ്ങിയത്. ആലപ്പാട് നിവാസികളുടെ സമരം 72 ാം ദിനം പിന്നിട്ടു.