പൊതുപ്രവര്‍ത്തകരായാല്‍ വികാരവും വിവേകവും വിവരവും ഉണ്ടാവണം: കുമ്മനം രാജശേഖരന്‍

കോട്ടയം: പൊതുപ്രവര്‍ത്തകരായാല്‍ കുറച്ചൊക്കെ വികാരവും വിവേകവും വിവരവും വേണമെന്ന പ്രസ്താവനയുമായി കുമ്മനം രാജശേഖരന്‍. കോട്ടയം പബ്ലിക് ലൈബ്രറി നല്‍കിയ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കവെയാണ് മിസോറാം ഗവര്‍ണര്‍ കൂടിയായ കുമ്മനം രാജശേഖരന്‍ ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയത്. വിവരവും വിവേകവുമുണ്ടാകാന്‍ വായന ആവശ്യമാണെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

ലോക്സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി സംസ്ഥാനത്തെ ബിജെപിയുടെ പ്രവര്‍ത്തനങ്ങളില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണ് കുമ്മനം. കഴിഞ്ഞ ദിവസം ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്താന്‍ ബിജെപി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് സീറ്റ് പിടിക്കാന്‍ ബിജെപി ഏറ്റവും പ്രതീക്ഷ വെക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. തിരുവനന്തപുരത്ത് സുരേഷ് ഗോപിയടക്കം പല പേരുകളും പരിഗണനയിലുണ്ടെങ്കിലും ജില്ലാ ഘടകം ആവശ്യപ്പെടുന്നത് കുമ്മനത്തിന്റെ തിരിച്ച്‌ വരവാണ്.