പൊട്ടിവീണ വൈദ്യുതിലൈനിൽ നിന്നും ഷോക്കേറ്റ് വഴിയാത്രക്കാ‍ർ മരിച്ച സംഭവം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ പൊട്ടിവീണ വൈദ്യുതിലൈനിൽ നിന്നും വൈദ്യുതാഘാതമേറ്റ് രണ്ട് വഴിയാത്രക്കാർ മരിച്ചതിനെ തുടർന്ന് ഹൈക്കോടതി സ്വമേധയാ കേസെടുത്തു.

കേരളത്തിൽ കാലവർഷം കനത്ത സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാൻ വേണ്ട കർമപദ്ധതി തയ്യാറാക്കാനാണ് കേസെടുത്തതെന്ന് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. 

ചീഫ് സെക്രട്ടറി, കെഎസ്ഇബി എന്നിവരെ കക്ഷിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. കേസ് തുടർ നടപടികൾക്കായി ചീഫ് ജസ്റ്റീസിന്‍റെ പരിഗണനക്ക് വിട്ടു. മഴക്കാലത്ത് വൈദ്യുതി കമ്പി പൊട്ടി വീണുണ്ടാവുന്ന അപകടങ്ങൾ ഇല്ലാതാക്കലാണ് ലക്ഷ്യമെന്ന് കോടതി പറഞ്ഞു.

ചാക്ക പുള്ളിലൈൻ സ്വദേശികളായ രാധാകൃഷ്ണൻ, പ്രസന്നകുമാരി എന്നിവരാണ് കഴിഞ്ഞദിവസം മരിച്ചത്. രാവിലെ ആറരയോടെയായിരുന്നു സംഭവം. പ്രഭാത സവാരിക്കിടെയാണ് അപകടം ഉണ്ടായത്.