പെണ്ണിനെ പേടിക്കുന്ന ആണാണോ നിങ്ങള്‍?

 


ഡോ. വിവേക് ബാലചന്ദ്രൻ

“നീ ഒരു പെണ്ണാണ്, വെറും പെണ്ണ്” ദി കിംഗ്‌ എന്ന സിനിമയിലെ ജോസഫ് അലക്സിന്‍റെ ഈ ഡയലോഗ് കേട്ട് നിങ്ങള്‍ കോരിത്തരിച്ചിട്ടുണ്ടോ?

“വെള്ളമടിച്ച് കോണ്‍ തിരിഞ്ഞ് പാതിരായ്ക്ക് വീട്ടില്‍ വന്ന്‍ കേറുമ്പോള്‍ ചെരിപ്പൂരി ചുമ്മാ ഒന്ന്‍ തൊഴിക്കാന്‍ എനിക്കൊരു പെണ്ണിനെ വേണം” നരസിംഹത്തിലെ ഇന്ദുചൂഡന്‍റെ ഈ ഡയലോഗ് കേട്ട് നിങ്ങള്‍ രോമാഞ്ചപുളകിതരായിട്ടുണ്ടോ?

ഇടയ്ക്കൊക്കെ സ്വന്തം ഭാര്യയെ രണ്ടെണ്ണം കൊടുക്കുന്നത് അത്ര വലിയ തെറ്റൊന്നുമല്ല എന്ന്‍ തോന്നാറുണ്ടോ?

എന്നാല്‍ ഇനി കാര്യത്തിലേക്ക് വരാം.

“ഇനി ദിലീപ് തന്നെയാണ് അത് ചെയ്യിപ്പിച്ചതെങ്കിലും എന്താ അറിയില്ലാ ദിലീപിനെ സപ്പോര്‍ട്ട് ചെയ്യാനാണ് എനിക്ക് തോന്നുന്നത്” ഒരു സുഹൃത്ത് എന്നോട് പറഞ്ഞതാണത്. ‘എന്താ അറിയില്ലാ‘ എന്ന് അവന്‍ പറഞ്ഞ സാധനത്തിന്‍റെ പേരാണ് മേല്‍ ഷോവനിസം അഥവാ പുരുഷ മേല്‍ക്കോയ്മ.

ആണുങ്ങള്‍ പെണ്ണുങ്ങളെക്കാള്‍ ഉയര്‍ന്നവരാണെന്നും അതുകൊണ്ട് പെണ്ണുങ്ങള്‍ എപ്പോഴും ആണുങ്ങളുടെ കാല്‍ക്കീഴില്‍ കഴിയേണ്ടവരാണെന്നുമുള്ള ചിന്താരീതിയാണ് പുരുഷ മേല്‍ക്കോയ്മ.

മുകളില്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് പോസിറ്റീവ് ഉത്തരം നല്‍കുന്നവരില്‍ കാണപ്പെടുന്ന ചിന്താരീതിയാണിത്. പക്ഷെ, പുരുഷ മേല്‍ക്കോയ്മ മാത്രമാണ് സ്ത്രീകളെ കൊച്ചാക്കി കാണുവാന്‍ ആണുങ്ങളെ പ്രേരിപ്പിക്കുന്നതെന്ന് കരുതരുത്. അതിലുമുപരിയായ മറ്റൊരു കാരണമുണ്ട്.

പെണ്ണിനെ പേടിക്കരുതെന്നു ജനിക്കുമ്പോള്‍ തൊട്ട് പുരുഷ മേല്‍ക്കോയ്മയുടെ വക്താക്കള്‍ ആണുങ്ങളെ പഠിപ്പിക്കുന്നുണ്ട്. വന്യമൃഗങ്ങളെപ്പോലെ ഭീകരജീവികളല്ല സ്ത്രീകള്‍. അതുകൊണ്ട് അവരെ പേടിക്കരുതെന്നു പറയുന്നതില്‍ യാതൊരു പ്രസക്തിയുമില്ല. പക്ഷെ, പേടിക്കരുതെന്നു പറയുന്ന ഒരു കാര്യത്തോട് നാം അറിയാതെ നമുക്ക് പേടി തോന്നും. അങ്ങനെ നമ്മുടെ സമൂഹത്തില്‍ വളരുന്ന ഒരാണിന് അവനറിയാതെ സ്ത്രീയോട് പേടി തോന്നുന്നു.

ഭ്രാന്തുള്ളവരെ ഭ്രാന്തുശുപത്രിയില്‍ കൊണ്ടുപോകുമ്പോള്‍ എനിക്ക് ഭ്രാന്തില്ല എന്ന്‍ പറഞ്ഞ് അവര്‍ അലറുന്നതുപോലെ ചില പുരുഷന്മാര്‍ സ്ത്രീകളെ തങ്ങള്‍ക്ക് പേടിയില്ല എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് അവരെ തല്ലുന്നതും മറ്റുള്ളവരുടെ മുമ്പില്‍ വെച്ച് അധിക്ഷേപിക്കുന്നതുമൊക്കെ.

പുരുഷ മേല്‍ക്കോയ്മയുടെ ഒരു ബൈ പ്രൊഡക്റ്റായ സ്ത്രീകളോടുള്ള ഈ പേടിയുടെ എഫക്റ്റ് മാരകമാണ്. എത്ര വലിയ നേട്ടങ്ങള്‍ കൈവരിച്ച ഒരു സ്ത്രീ ആണെങ്കില്‍ പോലും അവരെ ഏറ്റവും മോശമായ ഒരു ആണിനെക്കാളും താഴെ കാണാന്‍ ഈ ഒരു പേടി പുരുഷന്മാരെ പ്രേരിപ്പിക്കുന്നു. പെണ്ണിനോടുള്ള ഈ പേടി, പെണ്ണ്‍ നമ്മോടോപ്പമോ നമ്മെക്കാള്‍ ഉയരത്തിലോ എത്തിയാല്‍ എല്ലാം ഇടിഞ്ഞുവീഴുമെന്നുള്ള പേടി മാറ്റപ്പെടെണ്ടാതാണ്.

മധുപാലിന്‍റെ ഒഴിമുറി എന്ന സിനിമയില്‍ അച്ഛന്‍റെ കഥാപാത്രം ചെയ്യുന്ന ലാല്‍ മകന്‍റെ കഥാപാത്രം ചെയ്യുന്ന ആസിഫ് അലിയോടു അവസാനം പറയുന്ന ഒരു കാര്യമുണ്ട്: നീ ഭാര്യയെ ഭയക്കരുത്. ഭാര്യയെ പേടിച്ചാല്‍ കുടുംബ ജീവിതം പിന്നെയില്ല. നാട്ടില്‍ പെണ്ണുങ്ങളെ തല്ലുന്ന ശുംഭന്‍മാര്‍ അത് ചെയ്യുന്നത് അവരെ പേടിച്ചിട്ടാണ്.