പെണ്ണായിരിക്കുക. ഉറങ്ങിയാലും ഉണർന്നാലും ഓരോ ശ്വാസത്തിലും…


ഡോ. ഷിംന അസീസ്

നാളെ ലോകവനിതാദിനമാണത്രെ!

നേരമിരുട്ടി വെളുക്കുമ്പോൾ പെരുംചൂടുള്ള നട്ടുച്ചയെ മുൻകൂട്ടിക്കണ്ട്‌ ആരേം ബോധിപ്പിക്കാനില്ലാത്തൊരു സാധാരണ ഉടുപ്പിട്ട്‌ – നിറമുള്ളതോ മങ്ങിയതോ തൊങ്ങലുകളും ആർഭാടവുമില്ലാത്തതോ ചിലപ്പോൾ ഇസ്‌തിരിയിടാത്തതോ – പുറത്തിറങ്ങണം. ”ഓളൊരു കുപ്പായോം ചേലും കോലോം” എന്ന്‌ ആരും പറയരുത്‌. നടക്കുമോ? അതോ, നാളേം അങ്ങനെ തന്നെ? ഏതായാലും എപ്പോഴും പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുന്ന വയസ്സായ ആ മനുഷ്യൻ അവിടെത്തന്നെ ഇരിപ്പുണ്ടാകും, “ഇന്ന്‌ കുറച്ച്‌ വൈക്യോ കുട്ടി?”എന്ന്‌ ചോദിക്കും.

മുൻപൊക്കെ ആശുപത്രിയിൽ ചെല്ലുമ്പോൾ “ഡോക്‌ടറൊരു പെണ്ണാ” എന്ന്‌ പറഞ്ഞ്‌ പതുക്കേ അപ്പുറത്തെ വരിയിലേക്ക്‌ മാറുന്നവർ നാളെ ഉണ്ടാകില്ലേ? “ഇങ്ങളെപോലൊരു മോൾ ഞമ്മളോടേം ഇണ്ട്‌ട്ടോ” എന്ന്‌ പറഞ്ഞ്‌ ആ ചടപ്പ്‌ ആരേലും മാറ്റിത്തരുമായിരിക്കും. അതായിരുന്നല്ലോ ഓപിയിൽ ഇരുന്ന കാലത്തെല്ലാം പതിവ്‌.

രണ്ട്‌ ചോദ്യം അധികം ചോദിക്കുകയോ ചിരിക്കുകയോ ചെയ്‌താൽ “ഓൾക്ക്‌ വിവരമില്ല, അത്‌ കൊണ്ടാ ഗൗരവം ഇല്ലാത്തത്‌” എന്ന്‌ നാളെയാരും ആരോടും പറയൂലായിരിക്കും. അപ്പോഴും സ്‌നേഹവാത്സല്യങ്ങളോടെ വന്ന്‌ നിൽക്കുന്നവർ “ചായ കുടിച്ചോ” എന്നെങ്കിലും ചോദിച്ചേക്കും. അവരുടെ കുഞ്ഞുങ്ങളോട്‌ ചിരിക്കുന്നത്‌ കാണുമ്പോൾ വീട്ടിൽ കാത്തിരിക്കുന്ന കുഞ്ഞുങ്ങളെപ്പറ്റിയും ആരാഞ്ഞേക്കും.

ഇനി രോഗിയെ നോക്കുമ്പോൾ അറിയാതെ രണ്ട്‌ വാക്ക്‌ ഇംഗ്ലീഷ് വരികയോ ഇച്ചിരെ ഗൗരവം കാണിക്കുകയോ ചെയ്‌താൽ “ഔ, ഓളൊരു വല്ല്യാള്‌” എന്ന്‌ ഒരാളും ചിന്തിക്കുക പോലുമില്ലായിരിക്കും. വനിതാദിനമാണല്ലോ.

പക്ഷേ, പെണ്ണായത്‌ കൊണ്ട്‌ മേക്കിട്ട്‌ കേറുന്നവരും ബഹളം വെക്കുന്നവരും മുതലെടുക്കാൻ ശ്രമിക്കുന്നവരും ഉറപ്പായും നാളെയും വരും. അതിൽ മാറ്റമൊന്നും കാണില്ല. ഓരോരുത്തരും വീട്ടിൽ ചെല്ലുമ്പോൾ ബാക്കിയും കിട്ടാതിരിക്കില്ല, അതാണല്ലോ പതിവ്. ഒരിടത്തും നമ്മുടെ പെർഫോമൻസ് കുറഞ്ഞൂടല്ലോ. നല്ലത്‌ പറഞ്ഞീലേലും തെറ്റുള്ളത് പ്രത്യേകിച്ച്‌ പറഞ്ഞേ മതിയാകൂ കേട്ടോ.

ഇടക്കൊരു ദൂരയാത്ര പോകണമെന്ന്‌ തോന്നിയാൽ, ഒറ്റയ്ക്ക് നിൽക്കുമ്പോൾ ഒരുകപ്പ്‌ കാപ്പി കുടിക്കണമെന്ന്‌ തോന്നിയാൽ, ആണുങ്ങളുടെ ഡ്രസെടുക്കുന്ന സെക്ഷനിൽ തനിച്ച്‌ പോയാൽ, ബാങ്കിൽ ചെല്ലുമ്പോൾ കാര്യങ്ങൾ അറിയില്ലെങ്കിൽ, ഡ്രൈവിംഗ്‌ സീറ്റിൽ ഇരിക്കേണ്ടി വരുന്ന പെൺനാമങ്ങൾക്ക്‌… ഇവർക്കൊക്കെ നാളെ ഹാപ്യേ… ആയിരിക്കുമല്ലേ?

മൂത്രൊഴിക്കാൻ മുട്ടുമ്പോൾ പോകാൻ വൃത്തിയുള്ള ടോയ്‌ലറ്റും ഉപയോഗിക്കാൻ യഥേഷ്‌ടം വെള്ളവും സ്വകാര്യതയും മുന്നൊരുക്കങ്ങളില്ലാതെ ഉറക്കെ ചിരിക്കാനുള്ള നിറയേ നിറങ്ങളും എഴുത്തും വായനയും ഇഷ്‌ടങ്ങളും നടക്കുന്നൊരു ലോകവും, ഇഷ്‌ടമുള്ളത്രയുറങ്ങി ചിരിച്ചുണരാൻ പറ്റുന്ന ഏതെങ്കിലും ഒരു ദിവസവും…

അവൾ പറയുന്ന വാക്കുകളുടെ വ്യംഗ്യാർത്‌ഥം ചികയാത്ത ചുറ്റുമുള്ളവരും… അവളെ അവളായി ഉൾക്കൊള്ളുന്നൊരു സമൂഹവും…

നാളെ പുലരുമായിരിക്കും…

മക്കളുടെ ചൂട്‌ രണ്ട്‌ തോളിലും തട്ടിത്തെറിക്കുന്നു. ഇതൊരു പെണ്ണിന്‌ മാത്രമറിയാൻ കഴിയുന്ന ഒന്നായിരിക്കാം. ഉറങ്ങുന്ന കുഞ്ഞുങ്ങളെ കാണുമ്പോൾ കൂമ്പിയ നീലാമ്പൽ ഓർക്കുന്നവൾക്ക് കൂട്ടായി ആരൊക്കെയുണ്ട്? അവരുടെ ചിരിയും കഥപറച്ചിലും ഒന്നിച്ച്‌ വെച്ച്‌ വിളമ്പി തമാശ പറഞ്ഞ്‌ അവരോടൊപ്പം ചേരുന്ന ഓരോ നിമിഷവും, അവർക്കൊപ്പം അങ്ങാടിയിൽ അവർക്കായ്‌ കയറിയിറങ്ങുന്ന കൊച്ചുകടകളും, അവരുടെ കുഞ്ഞുകൊതികളും… പെണ്ണായ്‌ പിറന്നത്‌ ആഘോഷമാകുന്ന നേരങ്ങൾ… എന്ത് രസമാണ്‌ !

ഓരോ പെണ്ണിനും അവൾ അടച്ചു പൂട്ടിയിട്ട മേൽക്കൂരക്കപ്പുറമുള്ള വിണ്ണിനെപ്പറ്റി അറിയാഞ്ഞിട്ടല്ല കേട്ടോ…
അവൾക്ക്‌ പറക്കാൻ കൊതിയില്ലാഞ്ഞിട്ടുമല്ല.
ഭൂമിയോളം താഴണം, ത്യാഗം വേണം.

ഓരോരുത്തർക്കും തന്നേനെ, അതും അതിലപ്പുറവും. താഴുന്നിടത്തോളം താഴാൻ ചുറ്റുമുള്ളവരും കൂടെ നിന്നിരുന്നെങ്കിൽ…

മച്ചിനപ്പുറമുള്ള കിളിവാതിൽ തുറന്ന്‌ നീലവാനത്തേക്ക്‌ പറക്കാൻ തുടങ്ങിയാലവൾ ശത്രുവായേ മതിയാകൂ. ശബ്‌ദമുയരരുത്‌… ശൂ… ഇനി ആരേലും അവളെ പറക്കാൻ വിട്ടാലോ, കഴുകൻമാർ അവൾക്കുള്ളവരോട്‌ വന്ന്‌ പറയുക തന്നെ ചെയ്യും ‘പോക്കത്ര ശരിയല്ല, സൂക്ഷിച്ചോ…’ കരിയിലക്കൂനയിൽ കനല്‌ കോരിയിട്ടത്‌ പോലെ തീ പടരും. ചില കരിയിലകളിൽ സ്‌നേഹാശ്രുക്കൾ നനവ്‌ പടർത്തിയിരിക്കും. അവ കത്തില്ല. പക്ഷേ, അപ്പോഴും നാലുപാടുമുള്ള അസൂയക്കണ്ണുകൾ തീ കത്തുമെന്ന പ്രതീക്ഷയിൽ നീറ്റിയെരിക്കാൻ നോക്കും. ‘എനിക്ക്‌ കിട്ടാത്തതൊന്നും അവൾക്കും വേണ്ട, ഹും!’ അവളെ ‘അതിനല്ലാതെ’ എന്തിന്‌ കൊള്ളാം… പെണ്ണുങ്ങളല്ലേ…

ബഹിരാകാശത്ത്‌ വരെ എത്തിയത്രേ, അവിടെ നടക്കാൻ പോണൂന്ന്‌ കേട്ടു. ഇനിയും വളരുമത്രേ… അവരുടെ തലച്ചോറിന്‌ പുറത്തുള്ള മുഖം പെണ്ണിന്റേതെന്ന്‌ ആരും ശ്രദ്ധിക്കാത്തതാകുമോ? ഇനിയും പഠിക്കണമെന്ന്‌ ആശിച്ചവർ, ആഗ്രഹങ്ങളേറെയും ചാരത്തിൽ വീണ്‌ അഴുക്കായവർ, മറ്റാരുടെയോ ചിരികളുടെ സ്‌കെച്ചെടുത്ത്‌ മുഖത്ത്‌ പതിച്ച്‌ ‘ഇവരുടെ ചിരിയാണെന്റെ ചിരി’ എന്ന്‌ പ്രഖ്യാപിച്ചവർ… വിട്ടുവീഴ്‌ചകളുടെ പര്യായങ്ങൾ…

വനിതാദിനമത്രേ പുലരുമ്പോൾ…

എനിക്കിറങ്ങണമൊരു അപ്പൂപ്പൻതാടി കണക്കിന്‌… ഇവിടെയെങ്ങാനുമൊരു താഴ്‌വരയിൽ ചെന്ന്‌ ഇത്തിരിനേരമൊന്ന്‌ ഒറ്റക്കിരിക്കണം. ഫോണും കിടുതാപ്പും ഒന്നുമില്ലാതെ… സമ്മതിക്കൂലാന്നേ… എന്നാലും വെറുതേ ആശിക്കാല്ലോ…

നിങ്ങൾ മനസ്സിലുള്ളത്‌ മറയ്‌ക്കേണ്ട കേട്ടോ…പിറകിൽ നിന്നുള്ള മുറുമുറുപ്പുകൾ കൃത്യമായി ഇരുകാതിലും തന്നെ വീഴുന്നുണ്ട്‌… ഫെമിനി@$^$^* ഓളൊരു #$^$#%&

വനിതാദിനാശംസകൾ പെണ്ണുങ്ങളേ…
പെണ്ണായിരിക്കുക. ഉറങ്ങിയാലും ഉണർന്നാലും ഓരോ ശ്വാസത്തിലും… ഇതൊക്കെയായിട്ടും നമ്മുടെ ആത്മാവ്‌ ഒരു തരി കെട്ടുപോകുന്നില്ലല്ലോ.

കനലായിരിക്കുക, കനവുകളോടൊപ്പമിരിക്കുക.
നമ്മൾ നേടിയില്ലെങ്കിൽ ആര്‌ നേടാനാണ്‌ !