പുരസ്സരണവും വിഷുവങ്ങളുടെ സ്ഥാനചലനവും

വിപിൻ കുമാർ

സ്വയം ഭ്രമണം (rotation), സൂര്യനു ചുറ്റുമുള്ള പരിക്രമണം (revolution) എന്നിവയ്ക്കു പുറമേയുള്ള ഭൂമിയുടെ ചലനങ്ങളാണ് പുരസ്സരണവും അക്ഷഭംശ്രവും.

ഭ്രമണം ചെയ്യുന്ന ഒരു വസ്തുവിന്റെ അച്ചുതണ്ട് വൃത്താകൃതിയിൽ ചലിക്കുന്ന പ്രതിഭാസമാണ്‌ പുരസ്സരണം (Precession). (പമ്പരത്തിന്റെ കറക്കം മനസ്സില്‍ കാണുക) ഭ്രമണം മൂലമുള്ള കോണീയപ്രവേഗത്തിന്‌ (angular acceleration) ലംബമായി ടോർക് (torque) പ്രയോഗിക്കപ്പെടുമ്പോൾ കോണീയപ്രവേഗത്തിന്റെ അളവ് വ്യത്യാസപ്പെടാതെ ദിശ വ്യത്യാസപ്പെടുന്നതിനാൽ അച്ചുതണ്ട് വൃത്താകൃതിയിൽ സഞ്ചരിക്കുന്നു.

ഖഗോളധ്രുവത്തിന് (Celestial pole) അതിന്റെ മധ്യസ്ഥാനത്തു(mean position) നിന്നുണ്ടാകുന്ന വ്യതിയാനത്തിനാണ് അക്ഷഭ്രംശം (Nutation) എന്ന് പറയുന്നത്. മദ്ധ്യരേഖാഭാഗം തള്ളിനില്ക്കുന്ന ഭൂമിയെ എല്ലായ്പ്പോഴും സൂര്യന്റെ ആകർഷണദിശയിലല്ല ചന്ദ്രൻ ആകർഷിക്കുന്നത് എന്നതാണ് ഈ വ്യതിയാനത്തിന് കാരണം. 18.6 വർഷത്തിൽ 9.2 സെക്കന്റ് വ്യാസാർദ്ധമുള്ള വൃത്തത്തിലൂടെയുള്ള, ഖഗോളധ്രുവത്തിന്റെ ഈ ചാഞ്ചാട്ടമാണ് അക്ഷഭ്രംശം.

സൂര്യൻ ഖഗോളമദ്ധ്യരേഖ (Celestial equator) കടന്നു പോകുന്ന ദിവസങ്ങളെയാണ് വിഷുവങ്ങൾ (Equinox) എന്ന്‌ പറയുന്നത്‌. ഈ ദിവസങ്ങളിൽ പകലിനും രാത്രിക്കും തുല്യദൈർഘ്യമായിരിക്കും. സൂര്യചന്ദ്രന്മാർ ഭൂമിയിൽ ചെലുത്തുന്ന ഗുരുത്വാകർഷണം മൂലം ഭൂമിയുടെ അച്ചുതണ്ടിന്‌ പുരസ്സരണം (Precession) മൂലം ദിശാവ്യതിയാനം സംഭവിക്കുന്നു. പുരസ്സരണം മൂലം വിഷുവങ്ങളുടെ സ്ഥാനത്തിനുണ്ടാകുന്ന വ്യതിയാനത്തിനാണ് വിഷുവങ്ങളുടെ പുരസ്സരണം എന്നു പറയുന്നത്. ഏകദേശം 25772 വർഷം കൊണ്ടാണ്‌ ഭൂമിയുടെ പുരസ്സരണചക്രം പൂർത്തിയാകുന്നത്. അക്ഷഭ്രംശം (Nutation) മൂലവും ഭൂമിയുടെ അച്ചുതണ്ടിന്‌ ദിശാവ്യതിയാനം ഉണ്ടാകുമെങ്കിലും ഇതിന്റെ അളവ് വളരെ കുറവാണ്‌.

ഭൂമിയുടെ അച്ചുതണ്ടിന്റെ പുരസ്സരണം മൂലം ഖഗോളമദ്ധ്യരേഖ ഓരോ വർഷവും 50.26 ആർക്‌ സെക്കന്റ് വീതം കറങ്ങികൊണ്ടിരിക്കുന്നു. അതിനാൽ വിഷുവങ്ങളുടെ സ്ഥാനം വർഷം തോറും 50.26 ആർക്‌ സെക്കന്റ് പടിഞ്ഞാറേക്ക് ദൂരം മാറുന്നു. ഏകദേശം 71.6 വർഷം കൊണ്ട്‌ ഒരു ഡിഗ്രിയുടെ മാറ്റം ഉണ്ടാകും. 360 ഡിഗ്രിയുടെ കറക്കം പൂർത്തിയാക്കുന്നതുവഴി ഒരു പുരസ്സരണചക്രം പൂർത്തിയാക്കാൻ ഏകദേശം 25772 വർഷം വേണം. ഈ കാലയളവിനെ ഒരു പ്ലാറ്റോണിക് വർഷം (Platonic year) എന്നു വിളിക്കുന്നു.

വിഷുവങ്ങളുടെ സ്ഥാനനിർണ്ണയം നടത്തപ്പെട്ട സമയത്ത് മേടം (Aries) രാശിയിലായിരുന്ന മേഷാദി അഥവാ വസന്തവിഷുവം (Vernal Equinox- മാർച്ച്‌ 21) ഇപ്പോൾ മീനം (Pisces) രാശിയിലാണ്‌. എ.ഡി 2600 നോടടുത്ത് ഇത് കുംഭം (Aquarius) രാശിയിലേക്ക് മാറും. അതുപോലെ തുലാം (Libra) രാശിയിലായിരുന്ന തുലാദി അഥവാ അപരവിഷുവം (Autumnal equinox- സെപ്റ്റംബർ 23) ഇപ്പോൾ കന്നി (Virgo) രാശിയിലാണ്‌. അയനാന്തങ്ങൾക്കും (Solstice) ഇതുപോലെ സ്ഥാനചലനം സംഭവിക്കുന്നുണ്ട്.

പേര് സൂചിപ്പിക്കുംപോലെ കേരളത്തിന്റെ കാര്‍ഷികോല്‍സവമായ വിഷു (മേട സംക്രാന്തി) ആദ്യ കാലങ്ങളില്‍ വസന്തവിഷുവവുമായി (മാർച്ച്‌ 21) ഒരുമിച്ചു വന്നിരുന്നു. കാലഗണനയിലുള്ള വ്യത്യാസം കാരണം വിഷു ഇപ്പൊൾ 24-25 ദിവസത്തോളം പിന്നിലാണ്‌. മാർച്ച്‌ 21 നു തന്നെ ആഘോഷിക്കുന്ന മധ്യേഷ്യന്‍ പുതുവര്‍ഷ ആഘോഷമായ നവ്റോസുമായി വിഷുവിനു സമാനതകളുണ്ട്.

ധ്രുവനക്ഷത്രത്തിന്റെ സ്ഥാനചലനം:
ഭൂമിയുടെ അച്ചുതണ്ടിന്റെ ദിശയിൽ ആകാശത്ത് വരുന്ന നക്ഷത്രമാണ്‌ ധ്രുവനക്ഷത്രം. അതിനാൽ പുരസ്സരണം മൂലം അച്ചുതണ്ടിന്റെ ദിശ മാറുന്നതിനനുസരിച്ച് ധ്രുവനക്ഷത്രവും മാറിക്കൊണ്ടിരിക്കുന്നു. ലഘുബാലു (Ursa Minor) രാശിയിലെ ധ്രുവൻ (Polaris) ആണ്‌ ഖഗോള ഉത്തരധ്രുവത്തോട് ഇപ്പോൾ ഏറ്റവുമടുത്തുള്ള പ്രകാശമുള്ള നക്ഷത്രം. പിരമിഡുകളുടെ നിർമ്മാണകാലത്ത് (BC 3000) വ്യാളം (Draco) രാശിയിലെ ഠുബാൻ (Thuban) ആയിരുന്നു ധ്രുവനക്ഷത്രം.
ഏകദേശം 3000 എ.ഡി യോടടുത്ത് കൈകവസ് (Cepheus) രാശിയിലെ ഗാമ നക്ഷത്രമായ അൽറായ് (Er Rai) ഉത്തരധ്രുവത്തിന്റെ ധ്രുവനക്ഷത്രമായി മാറും. ദക്ഷിണധ്രുവത്തിനും ഇതുപോലെ പുരസ്സരണം മൂലം സ്ഥാനചലനമുണ്ടാകുന്നുണ്ട്. ദക്ഷിണാർദ്ധഗോളത്തിന്‌ ഇപ്പോൾ ധ്രുവനക്ഷത്രമില്ലെങ്കിലും പുരസ്സരണം മൂലം ഇതിന്‌ മാറ്റം വരും.

ധ്രുവനക്ഷത്രത്തിന്റെ സ്ഥാനചലനത്തിനനുസരിച്ച് ഒരു പ്രദേശത്തുനിന്ന് കാണാനാകുന്ന നക്ഷത്രങ്ങളും വ്യത്യാസപ്പെടുന്നു. പുരസ്സരണം മൂലം ഒരു പ്രദേശത്തു നിന്ന് ഇപ്പോൾ ദൃശ്യമാകുന്ന ചില നക്ഷത്രങ്ങൾ കാണാതാകുകയും. ഇപ്പോൾ കാണാനാകാത്ത ചില നക്ഷത്രങ്ങൾ ദൃശ്യമാകുകയും ചെയ്യും. Circumpolar behavior ആണ്‌ ഇതിനു കാരണം. ധ്രുവപ്രദേശങ്ങളിലാണ്‌ ഇതിന്റെ വ്യാപ്തി കൂടുതൽ അനുഭവപ്പെടുക.