മരടിലെ ഫ്ലാറ്റുകൾ പൊളിച്ച് നീക്കണമെന്ന വിധി; പുന:പരിശോധന ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: മരടിലെ 5 ഫ്ലാറ്റുകൾ പൊളിച്ച് നീക്കണമെന്ന വിധിക്കെതിരെ നൽകിയ പുന:പരിശോധന ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഫ്ലാറ്റ് നിർമാതാക്കൾ നൽകിയ ഹർജി ജസ്റ്റിസ് അരുൺ മിശ്രയുടെ ചേംബറിൽ ഉച്ചക്ക് 1.40നാണ് പരിഗണിക്കുന്നത്.

ഹർജി തുറന്ന കോടതിയിൽ പരിഗണിക്കണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷയും കോടതിയുടെ മുന്നിലെത്തും. വിധിക്കെതിരെ ഫ്ലാറ്റുകളിലെ താമസക്കാർ നൽകിയ റിട്ട് ഹർജികൾ നേരത്തെ കോടതി തള്ളിയിരുന്നു.

തീരദേശപരിപാലന നിയമം ലംഘിച്ച് കൊച്ചിയിലെ മരടില്‍ നിര്‍മ്മിച്ച അഞ്ച് ഫ്ലാറ്റുകള്‍ മുപ്പത് ദിവസത്തിനകം പൊളിച്ച് നീക്കണമെന്ന് നേരത്തെ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് വിധിച്ചിരുന്നു.

വിധിയില്‍ ഇളവ് തേടി ഫ്ലാറ്റ് ഉടമകള്‍ ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള അവധിക്കാല ബെഞ്ചിനെ സമീപിച്ചു. വിധി പറഞ്ഞ ബെഞ്ചിന് മുമ്പാകെ ഹര്‍ജി ലിസ്റ്റ് ചെയ്യാനും ആറാഴ്ചത്തേക്ക് കെട്ടിടം പൊളിക്കുന്നതിന് നിര്‍ത്തിവയ്ക്കാനും അവധിക്കാല ബെഞ്ച് ഉത്തരവിട്ടിരുന്നു.