പുതിയ സി ബി ഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് രജനീകാന്തിന്റെ പേര് മുന്നോട്ട് വെച്ച്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പുതിയ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് മൂന്ന് പേര്‍ പരിഗണനയില്‍. രജനീകാന്ത് മിശ്ര, ജാവേദ് അഹമ്മദ്, എസ്.എസ് ദേശ്വാള്‍, എന്നിവരാണ് പരിഗണനയിലുള്ളത്. കഴിഞ്ഞദിവസം ചേര്‍ന്ന സെലക്ഷന്‍ സമിതി യോഗത്തില്‍ ജാവേദ് അഹമ്മദിനെ നിയമിക്കണമെന്ന് കോണ്‍ഗ്രസ് പ്രതിനിധി മല്ലികാര്‍ജുന്‍ ഗാര്‍ഖെ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്രമോഡി ഗാര്‍ഖെയുടെ ആവശ്യം തള്ളിയിരുന്നു. രജനീകാന്ത് മിശ്രയുടെ പേരാണ് പ്രധാനമന്ത്രി മുന്നോട്ട് വച്ചത്. ശനിയാഴ്ച ചേരുന്ന സെലക്ഷന്‍ സമിതിയില്‍ സി.ബി.ഐ ഡയറക്ടര്‍ നിയമനത്തില്‍ അന്തിമ തീരുമാനമുണ്ടായേക്കും.

കഴിഞ്ഞ ദിവസം സുപ്രീംകോടതി സി.ബി.ഐക്ക് ഉടന്‍ സ്ഥിരം ഡയറക്ടറെ നിയമിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. സി.ബി.ഐ ഡയറക്ടറുടേത് സുപ്രധാന പദവിയാണ്. അതില്‍ ഇടക്കാല ഡയറക്ടറെ ദീര്‍ഘനാളിരുത്തുന്നത് ശരിയല്ലെന്ന് ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, നവീന്‍ സിന്‍ഹ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

ഇടക്കാല ഡയറക്ടറായി എം.നാഗേശ്വരറാവുവിനെ നിയമിച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി, ജസ്റ്റിസ്മാരായ എ.കെ സിക്രി, എന്‍.വി രമണ എന്നിവര്‍ പിന്‍മാറിയതിനെ തുടര്‍ന്നാണ് ജസ്റ്റിസ് അരുണ്‍മിശ്രയുടെ ബെഞ്ച് ഹര്‍ജി വെള്ളിയാഴ്ച പരിഗണിച്ചത്.

കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുള്ള 1984 ബാച്ച്‌ സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥരില്‍ ഉത്തര്‍പ്രദേശ് കേഡര്‍ ഉദ്യോഗസ്ഥനായ ജാവേദ് അഹമ്മദ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്രിമിനോളജി ആന്റ് ഫോറന്‍സിക് സയന്‍സിന്റെ തലവനാണ്. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ തലവനാണ് രജനി കാന്ത് മിശ്ര, ഹരിയാണ കേഡര്‍ ഉദ്യോഗസ്ഥനായ എസ്‌എസ് ദേവാല്‍ ഐ.ടി.ബി.പി ഡയറക്ടര്‍ ജനറലാണ്.

എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ തീരുമാനം ആയില്ലെന്നും മറിച്ചുള്ള വാര്‍ത്തകള്‍ ശരിയല്ലെന്നുമാണ് ഉദ്യോഗസ്ഥര്‍ പ്രതികരിക്കുന്നത്. സിബിഐ ഡയറക്ടറെ നിയമിക്കാത്തതില്‍ സുപ്രീംകോടതിയും അതൃപ്തി പ്രകടപ്പിച്ചതോടെ എത്രയും പെട്ടെന്ന് നിയമനം നടത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും നീക്കിയ ശേഷം ജനുവരി പത്താം തീയതി മുതല്‍ ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞ് കിടക്കുകയായിരുന്നു. നിലവില്‍ എന്‍.നാഗേശ്വര റാവുവാണ് ഡയറക്ടറുടെ താല്‍ക്കാലിക ചുമതല വഹിക്കുന്നത്. പ്രധാനമന്ത്രയുടെ വസതിയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പുറമെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയും പങ്കെടുത്തിരുന്നു. ഉന്നതാധികാര സമിതി ശനിയാഴ്ച വീണ്ടും യോഗം ചേരും ഈ യോഗത്തില്‍ തീരുമാനമുണ്ടാവുമെന്നാണ് അറിയുന്നത്.