പുതിയ വാഹനങ്ങള്‍ വാങ്ങരുതെന്ന ധനമന്ത്രിയുടെ നിര്‍ദേശം കാറ്റില്‍ പറത്തി;ധനവകുപ്പ് വാങ്ങിയത് 96 ലക്ഷം രൂപയുടെ വാഹനങ്ങള്‍

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ഉത്തരവിട്ട ധനവകുപ്പ് തന്നെ 12 പുതിയ എസി ബൊലേറോ ജീപ്പുകൾ വാങ്ങി. നാല്പതിനായിരം മുതൽ എഴുപതിനായിരം കിലോ മീറ്റർ മാത്രം ഓടിയ വണ്ടികൾക്ക് പകരമാണ് പുതിയ വാഹനങ്ങൾ വാങ്ങിയത്. 

നിയമസഭയില്‍ ധനമന്ത്രി നല്‍കിയ ഉത്തരത്തിലാണ് വിവരങ്ങളുള്ളത്. ധനവകുപ്പിന് കീഴിലെ ധനകാര്യപരിശോധന വിഭാ​ഗമാണ് മന്ത്രിയുടെ നിര്‍ദേശം കാറ്റില്‍ പറത്തിയത്.

ധനകാര്യ പരിശോധനാ വിഭാഗത്തിന് നിലവിലുള്ള ഓള്‍ട്ടോ കാറില്‍ പരിശോധനക്കായി കൂടുതല്‍ ജീവനക്കാര്‍ക്ക് പോകാനുള്ള ബുദ്ധിമുട്ടാണ് പുതിയ വാഹനം വാങ്ങാനുള്ള ഒരു കാരണമായി പറയുന്നത്. 12 ജില്ലകളിലെ വാഹനങ്ങളില്‍ എസി ഇല്ലാത്തതിനാല്‍ മഴക്കാലത്ത് സുരക്ഷാ ഭീഷണിയുണ്ടെന്നും മറുപടിയിലുണ്ട്.

വകുപ്പ് മേധാവികള്‍ മാത്രമേ പുതിയ വാഹനം വാങ്ങാവൂ എന്ന കര്‍ശന നിര്‍ദ്ദേശവുമുണ്ട്. വിവിധ വകുപ്പുകളും സ്ഥാപനങ്ങളും പുതിയ വാഹനം വാങ്ങാതെ അപേക്ഷ ക്ഷണിച്ച്‌ മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം എടുക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ധനവകുപ്പ് പുതിയ വണ്ടികള്‍ വാങ്ങിയതോടെ കൂടുതല്‍ വകുപ്പുകള്‍ വണ്ടികള്‍ വാങ്ങാന്‍ അപേക്ഷ നല്‍കാനുള്ള സാധ്യതയുമുണ്ട്.