പുതിയ മെഡിക്കല്‍ കോളേജുകള്‍ അനുവദിക്കുന്നത് പൊതുജനാരോഗ്യത്തിന് വെല്ലുവിളി: ഐഎംഎ

തിരുവനന്തപുരം; സംസ്ഥാനത്ത് ഇനി പുതിയ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങാന്‍ അനുമതി നല്‍കരുതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കേരളത്തില്‍ ഇപ്പോള്‍ നിലവിലുള്ള പല മെഡിക്കല്‍ കോളേജുകളിലും രോഗികള്‍കളോ ഡോക്ടര്‍മാരോ പ്രാഥമിക സൗകര്യങ്ങളൊ പോലും ഇല്ലാത്ത അവസ്ഥയിലാണ്. അത് കാരണം അവിടങ്ങളിലെ മെഡിക്കല്‍ വിദ്യാഭ്യാസ നിലവാരവും അതീവ ദയനീയാവസ്ഥയിലാണ് . ആക്കാരണങ്ങള്‍ കൊണ്ട് സംസ്ഥാനത്ത് ഇത്തരത്തില്‍ പുതിയ മെഡിക്കല്‍ കോളേജുകള്‍ ആവശ്യമില്ലെന്നും യോഗം വിലയിരുത്തി.

നിലവില്‍ 16 ഓളം മെഡിക്കല്‍ കോളേജുകള്‍ പുതുതായി തുടങ്ങാന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍, സര്‍ക്കാര്‍ നിലവിലുള്ളവയുടെ നിലവാരം ഉയർത്താൻ നടപടി വേണ്ടതെന്നും യോഗം ആവശ്യപ്പെട്ടു. കേരളത്തില്‍ 400 രോഗികള്‍ക്ക് ഒരു ആധുനിക വൈദ്യശാസ്ത്ര ഡോക്ടര്‍ര്‍ ലഭ്യമാണ്. ഈ അവസ്ഥയിൽ പുതിയ മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കുക കൂടി ചെയ്താല്‍ മെഡിക്കല്‍ കോളേജുകളില്‍ നിലവാരവുമില്ലാത്ത ഡോക്ടര്‍മാർ മാത്രമേ സൃഷ്ടിക്കപെടുകയുള്ളൂ.

കൂടാതെ വിദേശ രാജ്യങ്ങളില്‍ നിന്നും കൂടി പഠനം നടത്തി വരുന്ന ഡോക്ടര്‍മാരുടെ എണ്ണവും കൂടിക്കൂടി വരുകയാണ്. ഡെന്റല്‍ ഡോക്ടര്‍മാര്‍ക്കിയിലുള്ള തൊഴിലില്ലായ്മയും, എഞ്ചിനീയറിംഗ് കഴിഞ്ഞവര്‍ക്കിടിയിലുള്ള തൊഴിലില്ലായ്മയും പോലെ നിലവില്‍ മെഡിക്കല്‍ രംഗത്തുള്ളവര്‍ക്കിടയിലും തൊഴിലില്ലായ്മ കടന്ന് വന്നു കഴിഞ്ഞു. അതിനാല്‍ തന്നെ പൊതു ജനാരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പുതിയ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങാനുള്ള നീക്കത്തെ എന്ത് വിലകൊടുത്തും തടയേണ്ടതാണെന്നും യോഗം വിലയിരുത്തി.