പുതിയ കെപിസിസി അധ്യക്ഷന്‍ ആരാകും? കോണ്‍ഗ്രസ് വൃത്തങ്ങളില്‍ ചര്‍ച്ചകള്‍ സജീവം

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷന്‍ ആരാകും? പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കുന്ന കാര്യത്തില്‍ ഈ കഴിഞ്ഞ ദിവസങ്ങളില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുമായും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തിയതോടെയാണ് പുതിയ കെപിസിസി അധ്യക്ഷന്‍ ആരാകും എന്ന ചര്‍ച്ച കോണ്‍ഗ്രസ് വൃത്തങ്ങളില്‍ സജീവമായത്.

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പി.ജെ.കുര്യന്‍, കെ.വി.തോമസ്‌, കെ.സുധാകരന്‍, വി.ഡി.സതീശന്‍, ബെന്നി ബഹന്നാന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയ പേരുകള്‍ സജീവമായി പ്രചരിക്കുന്നുണ്ട്. അതിനാലാണ് പേരുകള്‍ ഷോട്ട് ലിസ്റ്റ് ചെയ്യാന്‍ ഉമ്മന്‍ചാണ്ടിയോടും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയോടും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്‌.

താത്ക്കാലിക അധ്യക്ഷനായി ചുമതലയേറ്റ എം.എം.ഹസന്‍ സ്ഥിരം അധ്യക്ഷനായി മാറാനുള്ള സാധ്യത ഉരുത്തിരിഞ്ഞു വരുന്ന വേളയിലാണ് പുതിയ അധ്യക്ഷന്‍ എന്ന നീക്കവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തുവരുന്നത്. പൊടുന്നനെ ഉമ്മന്‍ചാണ്ടിയുമായും രമേശ്‌ ചെന്നിത്തലയുമായി ഇക്കാര്യത്തെക്കുറിച്ച്‌ രാഹുല്‍ ചര്‍ച്ച നടത്തിയതോടെ പുതിയ പിസിസി അധ്യക്ഷന്‍ ചുമതലയേല്‍ക്കാന്‍ ഇനി വൈകില്ലെന്ന നിഗമനത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍.

കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ നയിക്കുന്ന ജനമോചനയാത്രയും കെപിസിസിക്കായുള്ള ഫണ്ട് പിരിവും പുരോഗമിക്കവെയാണ്‌ ഹസനെ മാറ്റാനുള്ള നീക്കം ഡല്‍ഹിയില്‍ ഊര്‍ജിതമാകുന്നത്. ജനമോചനയാത്ര നടക്കുന്ന സമയത്ത് ഹസനെ മാറ്റാനുള്ള നീക്കങ്ങള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുന്നതില്‍ അദ്ദേഹമടക്കമുള്ള ഒരു വിഭാഗം നേതാക്കള്‍ക്ക് എതിര്‍പ്പുണ്ട്. പക്ഷെ പാര്‍ട്ടി കോണ്‍ഗ്രസ് ആയതിനാല്‍ എല്ലാം സ്വാഭാവികം മാത്രം എന്നാണ് ചില നേതാക്കളുടെ പ്രതികരണം.

നിലവില്‍ മൂന്നു പേരുകള്‍ വീതം നല്‍കാനാണ് രാഹുല്‍ ഗാന്ധി ഉമ്മന്‍ ചാണ്ടിയോടും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയോടും ആവശ്യപ്പെട്ടത്. ഐ ഗ്രൂപ്പിന്റെ കൈവശം പ്രതിപക്ഷ നേതൃപദവി ഇരിക്കുന്നതിനാല്‍ എ ഗ്രൂപ്പിനെ നയിക്കുന്ന ഉമ്മന്‍ചാണ്ടി നല്‍കുന്ന പേരുകളില്‍ ഒന്നാകും രാഹുല്‍ ഗാന്ധി പരിഗണിക്കുക.

ഉമ്മന്‍ചാണ്ടിയെ അവഗണിച്ച് മുന്നോട്ട് പോകാനുള്ള രാഹുല്‍ ഗാന്ധിയുടെ മുന്‍ നീക്കങ്ങള്‍ പരാജയമായ ഘട്ടത്തില്‍ ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് പ്രാമുഖ്യം ലഭിക്കാനാണ് സാധ്യത. എന്നാല്‍ രാഹുലിന്റെ പരിഗണനയിൽ മറ്റു ചിലരുണ്ട് എ‌ന്ന സംശയം ഇരു ഗ്രൂപ്പുകൾക്കുമുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രൻ, കൊടിക്കുന്നില്‍ സുരേഷ് എന്നിവരുടെ പേരുകള്‍ രാഹുലിന്റെ കൈവശമുള്ള പേരുകളാണ്. ഇവരില്‍ ഒരാളുടെ പേര് രാഹുല്‍ നിര്‍ദ്ദേശിക്കാനും സാധ്യതയുണ്ട്.

അഖിലേന്ത്യാ തലത്തില്‍ സംഘടനാ തിരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തിയാക്കിയ ഖ്യാതി മുല്ലപ്പള്ളിയ്ക്ക് അവകാശപ്പെട്ടതാണ്.  ദളിത്‌ കെപിസിസി പ്രസിഡന്റ് എന്ന തീരുമാനം രാഹുല്‍ എടുക്കുകയാണെങ്കില്‍ കൊടിക്കുന്നിലിനും നറുക്ക് വീഴാന്‍ സാധ്യതയുണ്ട്.

ഉമ്മന്‍ ചാണ്ടി, രമേശ്‌ ചെന്നിത്തല എന്നിവരുമായുള്ള ചർച്ചകൾ രാഹുൽ ഗാന്ധി പൂർത്തിയാക്കിയെങ്കിലും ആരാണ് പുതിയ പിസിസി അധ്യക്ഷന്‍ എന്ന കാര്യം വെളിപ്പെട്ടിട്ടില്ല. ഐ ഗ്രൂപ്പിന്റെ പട്ടികയില്‍ കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതിയംഗം കെ. സുധാകരനും വി.ഡി. സതീശന്‍റെയും പേരുകളുണ്ട് എന്നാണു ലഭിക്കുന്ന വിവരം.

കെപിസിസി സമവാക്യങ്ങള്‍ ഇവരുടെ പേരുകള്‍ക്ക് തിരിച്ചടിയാകുന്നതിനാല്‍ സാമുദായിക, പ്രാദേശിക, പ്രായ മാനദണ്ഡങ്ങളെച്ചൊല്ലി കടുംപിടിത്തം വേണ്ടെന്ന അഭിപ്രായം ചെന്നിത്തല രാഹുലിന് നല്‍കി എന്നാണ് അറിയുന്നത്. കെ.മുരളീധരന്‍ വരാതിരിക്കാനുള്ള നീക്കങ്ങളും സജീവമാണ്.

മുരളീധരന്‍ വന്നാല്‍ പ്രകടിപ്പിക്കുന്ന ആധിപത്യ സ്വഭാവമാണ് ഗ്രൂപ്പുകളെ മുരളീധരന് എതിരായി തിരിക്കുന്നത്. എ ഗ്രൂപ്പിനെ നയിക്കുന്ന ഉമ്മന്‍ചാണ്ടി ഐ ഗ്രൂപ്പിലെ കെ.സുധാകരന്റെ പേര് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചു എന്ന വാര്‍ത്തകള്‍ ഇതുമായി ബന്ധപ്പെട്ട് വന്നതാണെന്ന സംശയം കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്.

ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് കെ.സുധാകരന്‍ നടത്തിയ നിരാഹാരം കേരളത്തില്‍ സംഘടനാ പരമായി കോണ്‍ഗസിന് ഉത്തേജനം നല്‍കിയെന്ന് വിലയിരുത്തപ്പെട്ട സാഹചര്യത്തില്‍ സുധാകരന്റെ പേര് കെ.മുരളീധരന്റെ പേരിനു മുന്നില്‍ തന്നെ നില്‍ക്കുന്നതാണ്. സതീശന്റെ പേര് കൂടി വരുമ്പോള്‍ സ്വാഭാവികമായും കെ.മുരളീധരന്‍റെ പേര് താഴെ പോകും.

മുരളീധരന്‍ കെപിസിസി അധ്യക്ഷനായാല്‍ അടുത്ത തവണ ഭരണം ലഭിക്കുകയാണെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കും മുരളീധരന്റെ പേര് ഉയര്‍ന്നു വരും. അതുകൊണ്ട് തന്നെ മുരളീധരന്റെ പേര് വെട്ടാന്‍ ശക്തമായ നീക്കങ്ങള്‍ നടക്കുന്നുണ്ട്. ഇതെല്ലാം കേരളത്തിലെ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന നീക്കങ്ങള്‍ മാത്രമാണ്.

അപ്രതീക്ഷിത തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന രാഹുല്‍ ഗാന്ധിയാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ സ്ഥാനത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ഗ്രൂപ്പുകളുടെ കയ്യില്‍നിന്നു നാമനിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് സ്വന്തം നിലയില്‍ നടത്തുന്ന അന്വേഷണങ്ങള്‍ വഴി പുതിയ കെപിസിസി അധ്യക്ഷനെ രാഹുല്‍ ഗാന്ധി വാഴിക്കാനും സാധ്യത കൂടുതലാണ്.