പുഞ്ചിരിച്ച് സൗബിന്‍; ‘അമ്പിളി’ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് ഫഹദ്

മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടിയ ഗപ്പിക്ക് ശേഷം ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ‘അമ്പിളി’ എന്ന ചിത്രത്തി​​​​​ന്റെ ഫസ്റ്റ്​ ലുക്​ പോസ്റ്റർ പുറത്തുവന്നു. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിയതിന്‍റെ തിളക്കത്തില്‍ നില്‍ക്കുന്ന സൗബിന്‍ ഷാഹിറാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. നടന്‍ ഫഹദ് ഫാസിലാണ് അമ്പിളിയുടെ ആദ്യ ലുക്ക് ഫേസ്ബുക്ക് വഴി പുറത്ത് വിട്ടത്.

കൈയില്‍ പൂക്കളുമായി മനസു തുറന്ന് പുഞ്ചിരിച്ചു കൊണ്ടാണ് പോസ്റ്ററില്‍ സൗബിന്റെ നില്‍പ്. സൗബിനൊപ്പം നസ്രിയയുടെ സഹോദരന്‍ നവീന്‍ നസീമും ചിത്രത്തിലെത്തുന്നുണ്ട്. മുകേഷ് ആര്‍ മെഹ്ത, എ വി അനൂപ്, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ശരണ്‍ വേലായുധന്‍.  പ്രേക്ഷകർ ഏറ്റെടുത്ത ഗപ്പിയിലെ ഗാനങ്ങൾ ഒരുക്കിയ വിഷ്ണു വിജയ്‌യും വിനായക് ശശികുമാറും ചേര്‍ന്നാണ് ഗാനങ്ങള്‍ ഒരുക്കുന്നത്. ഈ വര്‍ഷം ജൂലൈയ് മാസത്തില്‍ ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.