‘പുഞ്ചിരികള്‍ വിടരട്ടെ’; കുട്ടികളിലെ വൈകല്യങ്ങള്‍ മാറ്റാന്‍ സൗജന്യ ക്ലെഫ്റ്റ് ശസ്ത്രക്രിയകള്‍

 


ഡോക്ടര്‍മാരെ സമീപിക്കുന്ന രോഗികള്‍ക്ക് ആശ്വാസം പകര്‍ന്നു കൊടുക്കുക എന്നതാണ് ഒരു ഡോക്ടറുടെ കടമയും ഉത്തരവാദിത്തവും. മുഖത്തും താടിയിലും മറ്റും ഉണ്ടാകുന്ന വൈകല്യങ്ങള്‍ പരിഹരിക്കലാണ് ഒരു മാക്‌സോഫേഷ്യല്‍ വിദഗ്ധന്റെ ജോലി. ചികിത്സ തേടിയെത്തുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സൗജന്യമായാണ്‌ ക്ലെഫ്റ്റ് ശസ്ത്രക്രിയകള്‍ നടത്തുന്നത്. മാക്‌സോഫേഷ്യല്‍ വിദഗ്ധനായ പുഷ്‌കറിനെ വ്യത്യസ്തനാക്കുന്നതും ഈ ചിന്തയാണ്.

പുഷ്‌കര്‍ 2009ല്‍ നെതര്‍ലന്‍ഡില്‍ ഒരു ട്രെയിനിങില്‍ പങ്കെടുക്കാന്‍ പോയരുന്നു. അവിടെ അദ്ദേഹത്തിന്റെ അധ്യാപകനായിരുന്ന ഡോക്ടര്‍ പീറ്റര്‍ കെസ്ലരാണ് ഇതിന് അദേഹത്തിനു പ്രചോദനമായത്. നെതര്‍ലന്‍ഡില്‍ നിന്നും മടങ്ങിയെത്തിയ ആദ്യത്തെ രണ്ടു വര്‍ഷങ്ങള്‍ പുഷ്‌കര്‍ക്ക് തന്റെ ആഗ്രഹം സാധിച്ചില്ല. തന്റെ ആശയങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഒരു ആശുപത്രി കണ്ടെത്താന്‍ കഴിയാതിരുന്നതായിരുന്നു തടസം.

2011ല്‍ ഓര്‍ത്തോപീഡിക്ക് വിദഗ്ധനായ ഡോ.നീരജ് അട്കരിനെ പുഷ്‌കര്‍ പരിചയപ്പെടുന്നത്. അദ്ദേഹം പൂണെയില്‍ ആരംഭിച്ച സായ് ശ്രീ ആശുപത്രിയില്‍ പുഷ്‌കര്‍ ജോലി ചെയ്യാന്‍ ആരംഭിച്ചു. പുഷ്‌കറിന്റെ ആശയങ്ങള്‍ കൂടി നടപ്പാക്കാന്‍ ഡോ.നീരജ് താല്‍പര്യം പ്രകടിപ്പിച്ചതോടെ 2012 ല്‍ ‘പുഞ്ചിരികള്‍ വിടരട്ടെ’ ‘Spreading Smiles’ എന്ന പേരില്‍ ഒരു പദ്ധതി രൂപം കൊണ്ടു. സമാനമായി ചിന്തിക്കുന്ന കുറച്ചു ഡോക്ടര്‍മാര്‍ കൂടി ഇതിനൊപ്പം കൂടിയതോടെ പുഷ്‌കറിന്റെ ആശയത്തിന് പൂര്‍ണരൂപം നേടാനായി.

പണമില്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിയും വൈകല്യങ്ങളുമായി ജീവിക്കാന്‍ പാടില്ല എന്നതായിരുന്നു ഇതിനു പിന്നിലെ ആഗ്രഹം. മുച്ചുണ്ട് പോലെയുള്ള വൈകല്യങ്ങളുമായി ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ കഴിവില്ലാതെ വിഷമിക്കുന്ന രക്ഷിതാക്കള്‍ക്കാണ് ഈ പദ്ധതി ഏറ്റവും സഹായകമാകുന്നത്. കുഞ്ഞുങ്ങളുടെ വൈകല്യം പരിഹരിച്ചു നല്‍കുമ്പോള്‍ അവരുടെ മുഖത്തു കാണുന്ന സന്തോഷവും ആ കുഞ്ഞുങ്ങളുടെ പുഞ്ചിരിയുമാണ് തങ്ങള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രചോദനം എന്ന് ഡോ.പുഷ്‌കര്‍ പറയുന്നു.

‘പുഞ്ചിരികള്‍ വിടരട്ടെ’ എന്ന ഈ പദ്ധതിയ്ക്ക് ആദരമായി 2013 ല്‍ പെര്‍സിസ്റ്റന്റ്‌ ഫൗണ്ടേഷന്‍ അവാര്‍ഡ് പുഷ്‌കറിന്‌ ലഭിച്ചിരുന്നു. ഇപ്പോള്‍ ഈ പദ്ധതി കൂടുതല്‍ വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ് ഡോ.പുഷ്‌കറും സംഘവും. ശസ്ത്രക്രിയയ്ക്കും മറ്റും ആവശ്യമായ ഉപകരണങ്ങള്‍ ഈ ഉദ്യമം അറിഞ്ഞ ഒരു ജര്‍മന്‍ കമ്പനിയാണ് നല്‍കിയത്. അതുപോലെ നല്ല മനസ്സുള്ളവരുടെ സഹായം തങ്ങളുടെ ഈ സ്വപ്നത്തിനോപ്പം ഉണ്ടാകുമെന്നാണ് പുഷ്‌കര്‍ പ്രതീക്ഷിക്കുന്നത്.