പീഡനപരാതി: ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതിയെ സമീപിച്ചു; കേസ് റദ്ദാക്കണമെന്ന് ആവശ്യം

മുംബൈ :പീഡനപരാതിക്കെതിരെ ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതിയെ സമീപിച്ചു.യുവതിയുടെ പരാതിയില്‍ മുംബൈ പൊലീസെടുത്ത കേസ് റദ്ദാക്കണമെന്നാണ് ആവശ്യം. 17ന് നല്‍കിയ ഹര്‍ജി കോടതി ബുധനാഴ്ച പരിഗണിക്കും. 

മുൻകൂർ ജാമ്യവ്യവസ്ഥയുടെ ഭാഗമായി ബിനോയ് കോടിയേരി ഇന്ന് അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകും.  ഡിഎൻഎ പരിശോധനയ്ക്കായി ബിനോയിയുടെ രക്തസാംപിൾ എടുക്കുന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു രക്തസാംപിൾ കൈമാറേണ്ടിയിരുന്നത്. എന്നാൽ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് കാണിച്ച് മെഡിക്കല്‍ രേഖകൾ ഹാജരാക്കിയതിനെ തുടർന്ന് ഇതുനടന്നില്ല.

മറ്റു തടസ്സങ്ങളില്ലെങ്കിൽ ബിനോയിയുടെ രക്തസാംപിൾ ഇന്നെടുത്തേക്കും. ഒരു മാസത്തേയ്ക്ക് എല്ലാ തിങ്കളാഴ്ച്ചയും അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ബിനോയിക്ക് മുംബൈ കോടതി മുൻകൂർജാമ്യം അനുവദിച്ചത്.