പി ജെ ജോസഫിന്റെ ഫോര്‍മുല തള്ളി ജോസ് കെ മാണി

കോട്ടയം: സി.എഫ്.തോമസിനെ ചെയര്‍മാനാക്കണം എന്ന ജോസഫിന്റെ നിലപാടിനെ എതിര്‍ത്ത് ജോസ് കെ മാണി രംഗത്തെത്തി. സംസ്ഥാന സമിതി വിളിക്കാതെ കേരള കോണ്‍ഗ്രസിലെ പ്രശന പരിഹാരത്തിന് പുതിയ ഫോര്‍മുലയുമായി പി ജെ ജോസഫ് രംഗത്തെത്തിയത്. ഇതോടെ കേരള കോണ്‍ഗ്രസ് എമ്മില്‍ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ മുറുകുന്നു.

സി.എഫ്.തോമസിനെ ചെയര്‍മാനായും ജോസ് കെ. മാണി ഡപ്യൂട്ടി ചെയര്‍മാനായും താന്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായും തുടരും എന്ന ഫോര്‍മുലയാണ് ജോസഫ് മുന്നോട്ട് വെച്ചത്. എന്നാല്‍ ഈ ഫോര്‍മുല അംഗീകരിക്കാന്‍ തയ്യാറല്ലെന്ന് ജോസ് കെ മാണി അറിയിച്ചു. ചെയര്‍മാനെ സംസ്ഥാന സമിതി വിളിച്ച് തന്നെ തീരുമാനിക്കമെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്റെ ആവശ്യം.

അതേസമയം, കേരള കോണ്‍ഗ്രസ് തര്‍ക്കം പൊതുവേദിയില്‍ അല്ല ചര്‍ച്ച ചെയ്യേണ്ടതെന്നും ജോസ് കെ മാണി പറഞ്ഞു. ജോസഫിന്റെ പരസ്യ പ്രസ്താവനകള്‍ സമവായ ശ്രമത്തിന് കളങ്കമുണ്ടാക്കുന്നതാണെന്നും സംസ്ഥാന സമിതി വിളിക്കാന്‍ എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്നും ജോസ് കെ മാണി ചോദിച്ചു.