പി.കെ.ശശിക്കെതിരായ പീഡനപരാതി പ്രത്യേക സിപിഎം സംസ്ഥാനസമിതി ചര്‍ച്ചചെയ്യും

തിരുവനന്തപുരം: ഷൊർണൂർ എംഎൽഎ പി.കെ.ശശിക്കെതിരായ ലൈംഗികാതിക്രമ പരാതിയില്‍ സിപിഎം പ്രത്യേക സംസ്ഥാനസമിതി ചര്‍ച്ചചെയ്യും. 23നാണ് പ്രത്യേക സംസ്ഥാനസമിതി ചേരുക. പരാതിയിൽ സിപിഎം അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് വൈകുന്നതിനാൽ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗമായ യുവതി വീണ്ടും കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു. ശശിയുടെ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ് അടക്കമാണു ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്ക് ഇ മെയിൽ അയച്ചത്.

അതേസമയം ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കാനിരിക്കെ പി കെ ശശി എംഎല്‍എക്കെതിരായ വനിത നേതാവിന്‍റെ പരാതിക്ക് നേരെ മുഖം തിരിച്ച് സംസ്ഥാന നേതൃത്വം. പൊതുചര്‍ച്ചയില്‍ വിഷയം ഉന്നയിക്കുന്നത് നേതൃത്വം ഇടപെട്ട് തടഞ്ഞിരുന്നു. പീഡനപരാതി ചര്‍ച്ചചെയ്യേണ്ടത് സമ്മേളന വേദിയിലല്ലെന്നായിരുന്നു സംസ്ഥാനസെക്രട്ടറി എം സ്വരാജ് എംഎല്‍എയുടെ പ്രതികരണം. പ്രതിനിധികൾ നടത്തിയ പൊതു ചർച്ചയ്ക്ക് സംസ്ഥാന നേതൃത്വം ഇന്ന് മറുപടി നൽകും. എന്നാൽ വിവാദ വിഷയങ്ങളിൽ മറുപടി പറയാതിരിക്കാനാണ് സാധ്യത.