പി.കെ. കുഞ്ഞനന്തനനു ശിക്ഷായിളവിനുള്ള സര്‍ക്കാര്‍ നീക്കം തടയണം; ആര്‍എംപി നേതാക്കള്‍ ഇന്നു ഗവര്‍ണറെ കാണുന്നു

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ പി.കെ. കുഞ്ഞനന്തനനു ശിക്ഷായിളവ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം തടയണമെന്നാവശ്യപ്പെട്ട് ആര്‍എംപി നേതാക്കള്‍ ഇന്നു ഗവര്‍ണര്‍ പി.സദാശിവത്തിനെ കാണും.

കുഞ്ഞനന്തന് ശിക്ഷായിളവ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം നിയവിരുദ്ധമാണെന്നും ഈ നീക്കം തടയണമെന്നും ഗവര്‍ണര്‍ക്ക്‌ നല്‍കിയ നിവേദനത്തില്‍ ആര്‍എംപി ആവശ്യപ്പെടുന്നു. രാവിലെ പതിനൊന്നു മണിക്ക് ശേഷമാണു ഗവര്‍ണര്‍ ആര്‍എംപി നേതാക്കള്‍ക്ക് സമയം അനുവദിച്ചിട്ടുള്ളത്.

\ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍.വേണു, ആര്‍എംപി ദേശീയ സമിതിയംഗം കെ.കെ.രമ, അഡ്വക്കേറ്റ് കുമാരന്‍കുട്ടി എന്നിവരടങ്ങിയ ആര്‍എംപി നേതാക്കളാണ് ഗവര്‍ണറെ കാണുന്നത്. തടവുപുള്ളികളെ സ്വതന്ത്രരാക്കാനുള്ള മുഖ്യമന്ത്രിയുടെ വിവേചനാധികാരം ദുര്‍വിനിയോഗം ചെയ്യുകയാണെന്ന് ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍.വേണു 24 കേരളയോടു പറഞ്ഞു.

സര്‍ക്കാരിന്റെ ദുരുപദിഷ്ടമായ ഈ നീക്കത്തിന് ഗവര്‍ണര്‍ തടയിടും എന്ന് തന്നെയാണ് തങ്ങളുടെ പ്രതീക്ഷയെന്നും വേണു പറഞ്ഞു. ടിപി വധക്കേസില്‍ 2014-ല്‍ ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തന്‍ വളരെ പകുതി സമയം മാത്രമാണ് ജയിലില്‍ കഴിഞ്ഞത്. ഈ കാര്യവും ഗവര്‍ണറെ ധരിപ്പിക്കും.

ഇടത് സര്‍ക്കാര്‍ വന്ന ശേഷം കുഞ്ഞനന്തന്‍ മാസത്തില്‍ പകുതിയും കുടുംബത്തോടൊപ്പമാണ്. ഇതില്‍ അടിയന്തിര പരോള്‍ ഉണ്ട്. സാധാരണ പരോള്‍ ഉണ്ട്. എല്ലാ പരോളും അനുവദിച്ചത് ക്രമവിരുദ്ധമാണ്. ഇതെല്ലാം ഗവര്‍ണര്‍ക്ക്‌ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്-വേണു പറഞ്ഞു.

ടിപി കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തി ജീവപര്യന്തം ശിക്ഷിക്കപ്പെട്ട കു‍ഞ്ഞനന്തനെ എഴുപത് വയസ്സ് തികഞ്ഞുവെന്ന ആനുകൂല്യം നല്‍കി പുറത്തിറക്കാനാണ് സര്‍ക്കാര്‍ നീക്കം. കേസില്‍ കുഞ്ഞനന്തന്‍. പതിമൂന്നാം പ്രതിയാണ്. കുഞ്ഞനന്തന് ശിക്ഷായിളവ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറെ നാളുകളായി ആര്‍എംപി പ്രക്ഷോഭം നടത്തിവരികയാണ്.

കുഞ്ഞനന്തനു ശിക്ഷായിളവ് നല്‍കിയാല്‍ അത് ആര്‍എംപിയ്ക്കും സിപിഎമ്മിന്റെ മറ്റ് രാഷ്ട്രീയ എതിരാളികള്‍ക്കും ദോഷകരമാകുമെന്നാണ് ആര്‍എംപി വിലയിരുത്തല്‍. ടിപി വധഗൂഡാലോചന മാത്രമല്ല മറ്റ് പല രാഷ്ട്രീയ കൊലപാതകങ്ങളുടെയും മുഖ്യസൂത്രധാരനും കുഞ്ഞനന്തന്‍ ആയിരുന്നുവെന്നും ആര്‍എംപി നേതൃത്വം ചൂണ്ടിക്കാണിക്കുന്നു. അതിനാല്‍ തങ്ങളുടെ ആശങ്ക യാഥാര്‍ത്യമാകുമെന്നും ഇവര്‍ പ്രതികരിക്കുന്നു.

പി.കെ കുഞ്ഞനന്തന് ശിക്ഷാ ഇളവ് നല്‍കാന്‍ നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. കണ്ണൂര്‍ എസ്പി ജി. ശിവ വിക്രമിനെയാണ് നടപടികള്‍ക്ക് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി പൊലിസ് കെ.കെ രമയുടെ മൊഴിയെടുത്തിരുന്നു.

കുഞ്ഞനന്തന്റെ പരോളുകളും വിവാദവിഷയമാണ്. ഈ സർക്കാരിന്റെ കാലത്ത് 20 മാസത്തിനുള്ളിൽ 15 തവണയായി 193 ദിവസമാണ് കുഞ്ഞനന്തന് പരോൾ അനുവദിച്ചത്. ഈ സർക്കാർ വന്ന 2016 മേയ് മുതൽ 2018 ജനുവരി വരെ ഏതാണ്ട് എല്ലാ മാസവും പരോൾ ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.