പി എസ് സി ചെയര്‍മാന്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തി

തിരുവനന്തപുരം: പി എസ് സി ചെയര്‍മാന്‍ എം കെ സക്കീര്‍ ഗവര്‍ണര്‍ പി സദാശിവവുമായി കൂടിക്കാഴ്ച്ച നടത്തി. രാജ് ഭവനിലെത്തിയായിരുന്നു കൂടിക്കാഴ്ച്ച നടത്തിയത്. പി എസ് സി പരീക്ഷ സംബന്ധിച്ച ആരോപണങ്ങളില്‍ വിശദീകരണം നല്‍കാന്‍ എത്തണമെന്ന് പി എസ് സി ചെയര്‍മാന്‍ എം കെ സക്കീറിനോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. പി എസ് സി പരീക്ഷ യിലെ നടപടിക്രമങ്ങളടക്കം ചെയര്‍മാന്‍ വിശദീകരിച്ചെന്നാണ് ലഭ്യമാകുന്ന വിവരം.

യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും സിവില്‍ പൊലീസ് റാങ്ക് പട്ടികയില്‍ ഉന്നത സ്ഥാനത്തെത്തിയതില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന ആരോപണം ശക്തമായിരുന്നു. പി എസ് സിയുമായി ബന്ധപ്പെട്ട ആരോപണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടെത്തി വിശദീകരിക്കണമെന്ന് ഗവര്‍ണര്‍ പി എസ് സി ചെയര്‍മാന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

വിഷയത്തില്‍ പി.എസ്.സിക്ക് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് ചെയര്‍മാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കേസിലെ പ്രതികള്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടത് പരിശോധിക്കുമെന്നും സംഭവം പി എസ് സി വിജിലന്‍സ് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുന്നത് വരെ ഇവരുടെ നിയമനശുപാര്‍ശ മരവിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.