പിറവം പള്ളിത്തർക്ക കേസ്: ഹൈക്കോടതിയുടെ നാലാമത്തെ ബെഞ്ചും പിന്മാറി

കൊച്ചി: പിറവം പള്ളി തര്‍ക്ക കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ഹൈക്കോടതിയുടെ നാലാമത്തെ ബെഞ്ചും പിന്മാറി. ജസ്റ്റിസ് ഹരിലാല്‍, ജസ്റ്റിസ് ആനി ജോണ്‍ എന്നിവരുടെ ബെഞ്ചാണ് ഒടുവില്‍ കേസ് കേള്‍ക്കാനാവില്ലെന്ന് എറിയിച്ചത്. മുമ്പേ മൂന്ന് ബെഞ്ച് കേസ് പരിഗണിക്കാനാവില്ലെന്ന് അറിയിച്ചതോടെയാണ് നാലാമത്തെ ബെഞ്ചിന് മുമ്പില്‍ കേസ് എത്തിയത്. എന്നാല്‍ ജസ്റ്റിസുമാരായ ഹരിലാലും ആനി ജോണും കേസില്‍ വാദം കേള്‍ക്കാനാവില്ലെന്ന് അറിയിക്കുകയായിരുന്നു.

നേരത്തെ ജസ്റ്റിസ് സികെ അബ്ദുള്‍ റഹീം, ജസ്റ്റിസ് ടിവി അനില്‍കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചും കേസില്‍ നിന്ന് പിന്മാറിയിരുന്നു. കോടതിയുടെ നിഷ്പക്ഷത ഭാവിയില്‍ ചോദ്യം ചെയ്യപ്പെടാതിരിക്കാന്‍ പിന്മാറുന്നുവെന്ന വിശദീകരണവുമായി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, പിആര്‍ രാമചന്ദ്ര മേനോന്‍ എന്നിവരടങ്ങുന്ന ബെഞ്ച് കേസില്‍ നിന്ന് ആദ്യം പിന്മാറി.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിഭാഷകനായിരിക്കെ യാക്കോബായ വിഭാഗത്തിന് വേണ്ടി കോടതിയില്‍ ഹാജരായിരുന്നു. പളളിയുമായി ബന്ധപ്പെട്ട കേസിലായിരുന്നു അദ്ദേഹം ഹാജരായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി കൂടി വന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ബെഞ്ചില്‍ നിന്നുളള പിന്‍മാറ്റമുണ്ടായത്.

തുടര്‍ന്ന് ഡിസംബര്‍ 21ന് ജസ്റ്റിസ് വി ചിദംബരേഷ്, നാരായണ പിഷാരടി എന്നിവരടങ്ങുന്ന ബെഞ്ചും പിന്മാറി. ചിദംബരേഷ് യാക്കോബായ വിഭാഗത്തിന് വേണ്ടി ഹാജരായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പിന്മാറ്റം.