പിറന്നാള്‍ ആഘോഷങ്ങളില്‍ തിളങ്ങി യു.എ.ഇ

ദുബായ്: 47ആം പിറന്നാള്‍ ആഘോഷിക്കുകയാണ് യു.എ.ഇ. വര്‍ണ്ണാഭമായ അലങ്കാരങ്ങളും കൊടിതോരണങ്ങളും കൊണ്ട് അലങ്കരിച്ചിരിക്കുകയാണ് രാജ്യമെങ്ങും. സ്വദേശികളും വിദേശികളും ഒരുപോലെ ആഘോഷമാക്കിയിരിക്കുകയാണ് ദേശീയ ദിനം. സര്‍ക്കാരിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ നിരവധി പരിപാടികളാണ് യു.എ.ഇയില്‍ നടക്കുന്നത്. പ്രതീക്ഷയുടെയും സഹിഷ്ണുതയുടെയും ഐക്യത്തിന്റെയും സന്ദേശങ്ങളുമായി എന്നും മാതൃകയാണ് യു.എ.ഇ.

രാജ്യത്തിന്റെ ഭരണാധികാരികളുടെയും പൗരന്മാരുടെയും സ്വപ്നമായിരുന്നു ഈ ഐക്യമെന്ന് യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു. രാജ്യം 47ആം വാര്‍ഷികം ആഘോഷിക്കുമ്ബോള്‍ ഈ സ്വപ്നം യാഥാര്‍ത്ഥ്യമായിരിക്കുകയാണെന്നും ശൈഖ് ഖലീഫ പറഞ്ഞു. ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍,​ ഉയര്‍ന്ന നിലവാരമുള്ള ആരോഗ്യം,​ വിദ്യാഭ്യാസം,​ ഭവന നിര്‍മ്മാണം,​ സുരക്ഷാ നീതി സംവിധാനങ്ങള്‍ തുടങ്ങിയവയില്‍ അന്താരാഷ്ട്ര തലത്തില്‍ യു.എ.ഇ ശ്രദ്ധനേടിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സമഗ്രവും മാനവികവുമായ വികസന പദ്ധതികളിലൂടെ രാജ്യം മുന്നേറുകയാണ്. ഈ വര്‍ഷത്തെ ദേശീയ ദിനാഘോഷത്തിന് ഏറെ തിളക്കമുണ്ടെന്നും യു.എ.ഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. സ്മാര്‍ട്ട് സര്‍ക്കാര്‍,​ വിസ പരിഷ്താരങ്ങള്‍,​ നേരിട്ടുള്ള വിദേശ നിക്ഷേപ വര്‍ദ്ധന,​ ഖലീഫ സാറ്റ് ബഹിരാകാശ പദ്ധതികള്‍ പോലുള്ള യു.എ.ഇയുടെ നേട്ടങ്ങള്‍ പറഞ്ഞുകൊണ്ടായിരുന്നു ഭരണാധികാരികള്‍ ആശംസകള്‍ നേര്‍ന്നത്.