ആമസോൺ ജീവനക്കാർക്ക് വൻ ഓഫർ! ബിസിനസ്‌ വളർത്താൻ ജോലി വിട്ടാൽ 10,000 ഡോളർ!

ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടെയിൽ ശ്രുംഖലയായ ആമസോൺ തങ്ങളുടെ ജീവനക്കാർക്ക് കണ്ണഞ്ചിക്കുന്ന ഓഫറുമായെത്തിരിക്കുകയാണ്. തങ്ങളുടെ ജോലി ഉപേക്ഷിച്ച് കമ്പനിയുടെ വിതരണ ശ്രുംഖലയുടെ ഭാഗമായാൽ 10,000 ഡോളർ നൽകും എന്ന ഓഫർ.

ഈ പണം ഉപയോ​ഗിച്ച് സ്വന്തമായി പാക്കേജിം​ഗ്, ഡെലിവറി സ്ഥാപനങ്ങൾ ആരംഭിക്കാൻ സാധിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു. കൂടാതെ സ്വന്തം സ്ഥാപനം ആരംഭിക്കുന്നവർക്ക് സ്ഥിരമായ ഒരു ഡെലിവറി വോളിയം കമ്പനി ഉറപ്പാക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ജീവനക്കാരുടെ മോഹങ്ങൾ സാധ്യമാക്കാനുള്ള തങ്ങളുടെ പ്രതിബന്ധത കൂടിയാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ കാരണമെന്ന് ആമസോണിന്റെ പ്രസ്താവനയിൽ പറയുന്നു.300,000 ഡോളർ വരെ വരുമാനമാണ് ഇതുവഴി ജീവനക്കാർക്ക് ലഭിച്ചിരുന്നത്. ഇതേ തുടർന്ന് കഴിഞ്ഞ വർഷം 200ലധികം പേരാണ് ആമസോൺ ‍ഡെലിവറി സ്റ്റാർട്ട് അപ് ആരംഭിച്ചത്.

ആമസോണിന്റെ ഡെലിവറി സേവന പങ്കാളി പ്രോഗ്രാമിന്റെ ഭാഗമാകാൻ പതിനായിരക്കണക്കിന് ആളുകളാണ് അപേക്ഷ അയച്ചതെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.ആമസോൺ ബ്രാൻഡഡ് വാനുകളും യൂണിഫോമുകളും ഇൻഷുറൻസ് അടക്കമുള്ള നേട്ടങ്ങളുമാണ് കമ്പനി വാ​ഗ്ദാനം ചെയ്തിരുന്നത്.

കമ്പനിയുടെ ഡെലിവറി ടെക്നോളജിയിൽ പരിശീലനം, അസറ്റുകളെയും സേവനങ്ങളെയും ഡിസ്കൗണ്ടുകളെയും കുറിച്ചിച്ചുള്ള അവബോധം എന്നിവയും ജീവനക്കാർക്ക് നൽകും. എന്നാൽ ലോജിസ്റ്റിക്സ് രം​ഗത്ത് ജീവനക്കാരുടെ എണ്ണം കൂടിയതും, പുതിയ സംരംഭം ആരംഭിക്കാൻ ആ​ഗ്രഹിക്കുന്ന ജീവനക്കാർക്ക് അതിന് സഹായകമാകുന്ന നിലപാടുമാണ് കമ്പനി സ്വീകരിച്ചിരിക്കുന്നത്.

എന്നാൽ യുഎസ് തപാൽ സർവീസ്, ഫെഡെക്സ് എന്നീ സേവനങ്ങളിൽ ആശ്രിതത്വം കുറയ്ക്കുന്നതിന്റെ ഭാ​ഗം കൂടിയാണ് ആമസോണിന്റെ പുതിയ തീരുമാനം. 2018 ലാണ് ആമസോൺ ഡെലിവറി സേവന പങ്കാളിത്ത പ​ദ്ധതി ആദ്യമായി അവതരിപ്പിച്ചത്.